അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ സീനിയർ ടി20 ടീമിലും ഏഷ്യൻ ഗെയിംസ് സ്ക്വാഡിലും ഇടംപിടിച്ച വൈഭവ് സൂര്യവംശിയെ കൈകാര്യം ചെയ്യുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അതീവ ശ്രദ്ധ പുലർത്തണമെന്ന് ഡെയ്ൽ സ്റ്റെയ്ൻ മുന്നറിയിപ്പ് നൽകി. ദക്ഷിണാഫ്രിക്കൻ ലീഗായ SA20-യുടെ വരാനിരിക്കുന്ന അഞ്ചാം സീസണിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സ്റ്റെയ്ൻ സൂര്യവംശിയെ വാനോളം പുകഴ്ത്തിയത്.
ഐപിഎല്ലിൽ കമന്റേറ്ററായിരുന്ന് സൂര്യവംശിയുടെ ബാറ്റിംഗ് വിസ്മയം നേരിട്ട് കണ്ട ആളാണ് സ്റ്റെയ്ൻ. “നിങ്ങൾ സച്ചിൻ ടെണ്ടുൽക്കറെക്കുറിച്ചും വിരാട് കോഹ്‌ലിയെക്കുറിച്ചും ചിന്തിക്കൂ, പക്ഷേ ഈ പയ്യൻ കരിയർ അവസാനിപ്പിക്കുമ്പോൾ ഇരുവരെയും ചേർത്തുവെച്ചതിനേക്കാൾ വലിയ സാമ്രാജ്യമായി മാറും. ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ഉയരങ്ങളിലേക്ക് അവൻ കുതിച്ചുയരും,” എന്ന് സ്റ്റെയ്ൻ പ്രവചിച്ചു.
നിലവിൽ ദക്ഷിണാഫ്രിക്കയിൽ 14-ഓ 15-ഓ വയസ്സിൽ സൂര്യവംശിയുടെ പകുതി അരികിലെത്താൻ പോലും ശേഷിയുള്ള ഒരു ‘അത്ഭുത ബാലൻ’ ഇല്ലെന്നും താരം തുറന്നു സമ്മതിച്ചു. വലിയ പ്രശംസകൾക്കൊപ്പം തന്നെ ഇന്ത്യൻ ക്രിക്കറ്റിന് കടുത്തൊരു താക്കീതും സ്റ്റെയ്ൻ നൽകുന്നുണ്ട്. “അവനെ എങ്ങനെ സംരക്ഷിക്കുന്നു, എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിൽ ഇന്ത്യ അതീവ ജാഗ്രത പുലർത്തണം. വലിയ പ്രതിഭകൾക്കൊപ്പം വലിയ ഉത്തരവാദിത്തങ്ങളും വരും. കൃത്യമായ രീതിയിലല്ല മുന്നോട്ട് കൊണ്ടുപോകുന്നതെങ്കിൽ, ഈ യാത്രയ്ക്കിടയിൽ ഇന്ത്യയ്ക്ക് ആ പ്രതിഭയെ നഷ്ടപ്പെട്ടുപോകാനുള്ള റിസ്ക് കൂടിയുണ്ട്.”
സൂര്യവംശിയുടെ ബാറ്റിംഗിൽ നിലവിൽ വലിയ ബലഹീനതകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, എതിരാളികൾ അവനെ പരീക്ഷിക്കേണ്ടത് എങ്ങനെയെന്ന് സ്റ്റെയ്ൻ വ്യക്തമാക്കുന്നു. ഐപിഎല്ലിൽ കാഗിസോ റബാഡ ചെയ്തതുപോലെ കടുത്ത വേഗതയും കൃത്യമായ ബൗൺസുംനൽകി സൂര്യവംശിയെ പരീക്ഷിക്കണം. അവൻ ഇനിയും ഒരുപാട് ചെറുപ്പമാണ്, ക്രിക്കറ്റിൽ എപ്പോഴും ഒരു പേടിപ്പെടുത്തുന്ന ഘടകമുണ്ട് . അതുകൊണ്ട് തുടർച്ചയായ ഷോർട്ട് ബോളുകൾ എറിഞ്ഞ് അവൻ അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കുകയാണ് മികച്ച ഓപ്ഷനെന്ന് സ്റ്റെയ്ൻ ഓർമ്മിപ്പിച്ചു.
ആഗോള ടി20 ലീഗുകളെക്കുറിച്ചുള്ള ചർച്ചയിൽ ഐപിഎല്ലിന്റെ അപ്രമാദിത്വം സ്റ്റെയ്ൻ അടിവരയിട്ടു പറഞ്ഞു. സാമ്പത്തികം, കളിക്കാരുടെ നിലവാരം, വലിപ്പം എന്നിവയിൽ ഐപിഎല്ലിനെ വെല്ലുവിളിക്കാൻ ലോകത്ത് മറ്റൊരു ടൂർണമെന്റിനും കഴിയില്ല. അതിന് താഴെയുള്ള രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് മറ്റെല്ലാ ലീഗുകളും മത്സരിക്കുന്നത്. എങ്കിലും ഡിസംബർ, ജനുവരി മാസങ്ങളിലെ മികച്ച കാലാവസ്ഥ കാരണം SA20 ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ടൂർണമെന്റുകളിലൊന്നായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു. 2027-ൽ ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും നമീബിയയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് ആഫ്രിക്കൻ ക്രിക്കറ്റിന് വലിയ ഊർജ്ജം നൽകുമെന്നും സ്റ്റെയ്ൻ പ്രത്യാശ പ്രകടിപ്പിച്ചു.












