പുരുഷന്മാര് ഇനിയല്പം കരുതി ഇരിക്കുന്നത് നന്നാവും.വിവാഹ കമ്പോളത്തില്‍ പുരുഷന്മാരുടെ മാര്‍ക്കിടലിന് നിന്ന് കൊടുക്കുന്ന പെണ്‍കുട്ടികളുടെ കാലം കഴിയുകയാണ്.സംശയമുള്ളവര്‍ക്ക് തമിഴ്നാട്ടുകാരിയായ ഇന്ദുജ പിള്ള നല്കിയ വിവാഹപരസ്യം വായിക്കൂ
ഞാനൊരു മദ്യപാനിയല്ല, പുകവലി ഞാന്‍ വെറുക്കുന്നു, മുട്ടകള്‍ കഴിക്കാന്‍ എനിക്ക് ഇഷ്ടമാണ് പക്ഷെ ഞാനൊരു ഭക്ഷണപ്രിയയല്ല, ഞാന്‍ കണ്ണടകള്‍ ധരിക്കാറുണ്ട്, ഞാന്‍ വായിക്കാറില്ല. ഞാന്‍ സ്ത്രീത്വമുള്ള സ്ത്രീയല്ല, മുടി നീട്ടി വളര്‍ത്തില്ല. തീര്‍ച്ചയായും ഞാനൊരു വിവാഹ വസ്തുവുമല്ല. എന്നാല്‍ ജീവിതത്തോട് എനിക്ക് പ്രതിബദ്ധതയുണ്ട്. ഞാനൊരു നിരീശ്വരവാദിയാണ്..ഇങ്ങനെയൊക്കയാണ് മാട്രിമോണിയല്‍ പേജില്‍ ഇന്ദുജയുടെ പരിചയപ്പെടുത്തല്‍.
ആണത്തമുള്ള പെണ്ണ് എന്നാണ് സ്വയം വിശേഷണം. വിവാഹ പരസ്യത്തില്‍ മരത്തില്‍ കയറിയിരിക്കുന്ന തന്റെ ഫോട്ടോ നല്കി താനൊരു മരം കേറിയാണെന്ന് കരുതുന്നവര്‍ ഇങ്ങോട്ട് വരേണ്ട എന്ന മുന്നറിയിപ്പും ഈ തമിഴ്നാട്ടുകാരിയായ പെണ്‍കുട്ടി നല്‍കുന്നുണ്ട്. മാതാപിതാക്കള്‍ നല്കിയ വിവാഹ പരസ്യം നീക്കം ചെയ്താണ് ഇന്ദുജ തന്റേതായ രീതിയില്‍ marry.indhuja.com എന്ന മാട്രിമോണിയല്‍ പേജ് തയ്യാറാക്കി സ്വയം പരസ്യം ചെയ്തത്.
ഇനി താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആളിന് ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങളെ പറ്റി ഇന്ദുജ പറയുന്നത് കേള്‍ക്കൂ…
സ്വന്തം ജോലിയെ വെറുക്കാതെ സ്വയം സമ്പാദിക്കുന്ന ആളായിരിക്കണം, കുട്ടികളെ ഇഷ്ടമില്ലാത്തയാള്‍ക്ക് മുന്‍ഗണന, ചുരുങ്ങിയത് മുപ്പത് മിനിറ്റെങ്കിലും ഒരു സംഭാഷണം നീട്ടിക്കൊണ്ട് പോകാന്‍ കഴിവുണ്ടായിരിക്കണം. ഇങ്ങനെ നീണ്ട് പോകുന്നു ഇന്ദുജയുടെ ആവശ്യങ്ങള്‍.
ഈ വിവാഹ പരസ്യം എന്തായായാലും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. പ്രസിദ്ധീകരിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ പരസ്യം കണ്ട് കഴിഞ്ഞു. സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍ ഇന്ദുജയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
‘നിങ്ങള്‍ ഞങ്ങളുടെ മനസ് വായിച്ചു’ എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ‘എനിക്കും ഇത് പോലെ ചെയ്യണമെന്നുണ്ട് പക്ഷെ മാതാപിതാക്കള്അനുവദിക്കില്ല’ എന്ന സങ്കടമായിരുന്നു മറ്റൊരാള്‍ക്ക്്. ഇന്ദുജയുടെ ‘ആണത്തം’ ഇഷ്ടപ്പെടുന്ന നിരവധി പുരുഷന്മാരും ഇന്ദുജയെ വിവാഹം ചെയ്യാനായി രംഗത്തെത്തിയിട്ടുണ്ട്. എന്തായായാലും വിവാഹരീതിയില്‍ സ്ത്രീകള്‍ സ്വന്തം അഭിപ്രായത്തിന് പ്രാധാന്യം നല്‍കണമെന്ന ആശയത്തിന് ശക്തി പകരുകയാണ് ഇന്ദുജയുടെ വിവാഹപരസ്യം. ഈ മാതൃക തങ്ങളുടെ മക്കളും സ്വീകരിക്കുമോ എന്ന ആശങ്ക ചില മാതാപിതാക്കള്ക്കെങ്കിലുമുണ്ട്.
Discussion about this post