മുംബൈ : മാധ്യമപ്രവര്‍ത്തകനെ അസഭ്യം പറഞ്ഞ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിക്ക് ബിസിസിഐയുടെ താക്കീത്. ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ക്രിക്കറ്റിനെ ജനകീയമാക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ഇന്ത്യന്‍ ടീമിന്റെ മാന്യത നഷ്ടപ്പെടുത്തുന്ന പ്രവൃത്തി മേലാല്‍ ആവര്‍ത്തിക്കരുതെന്നും കൊഹ് ലിക്ക് ബിസിസിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹിന്ദുസ്ഥാന്‍ ടൈംസ് ലേഖകനെയാണ് ഇന്ത്യന്‍ നായകന് അസഭ്യം പറഞ്ഞത് .അനുഷ്ക ശര്‍മയുമായി ചേര്‍ത്ത് തനിക്കെതിരെ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകനുനേരെ കൊഹ്ലി നിയന്ത്രണം വിട്ട് സംസാരിച്ചത്. ഇതേത്തുടര്‍ന്ന് മാധ്യമപ്രവര്ത്തകന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു. കൊഹ്ലി അകാരണമായി അസഭ്യം പറഞ്ഞുവെന്നായിരുന്നു പരാതി.
മര്‍ഡോക്ക് സര്‍വ്വകലാശാല സ്റ്റേഡിയത്തില്‍ നിന്ന് ബാറ്റിംഗ് പരിശീലനം കഴിഞ്ഞ് മടങ്ങവേയായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസ് ലേഖകന്‍ ജസ്വിന്ദര് സിദ്ധുവിന് നേരെ വിരാട് കൊഹ്ലിയുടെ അസഭ്യവര്‍ഷം. വാര്‍ത്ത നല്‍കിയത് താനല്ലെന്ന് ജസ്വിന്ദര് വ്യക്തമാക്കിയപ്പോള്‍ മറ്റൊരു മാധ്യമപ്രവര്ത്തകന് വഴി കൊഹ്ലി മാപ്പ് പറഞ്ഞു. എങ്കിലും മറ്റുള്ളവരുടെ മുന്നില്‍വച്ച് അപമാനിച്ച കൊഹ്ലിക്കെതിരെ പരാതിയുമായി മുന്നോട്ടുപോകാന്‍ ജസ്വിന്ദര് തീരുമാനിക്കുകയായിരുന്നു.
Discussion about this post