നേപ്പിയര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ അഞ്ചാം ജയം. ഇന്നു നടന്ന മത്സരത്തില്‍ ദുര്‍ബലരായ അഫ്ഗാനിസ്ഥാനെ ആറു വിക്കറ്റിനാണ് ന്യൂസിലന്‍ഡ് പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് 47.4 ഓവറില്‍ 186 റണ്‍സിന് പുറത്തായി. ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് 36.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്ത് വിജയം നേടി.
അഫ്ഗാനിസ്ഥാന് ടീമിന് കളിയില്‍ മികച്ച സ്കോര്‍ കണ്ടെത്താനായില്ല. നജീബുള്ള സര്‍ദാന്‍ (56), സമീയുള്ള ഷെന്‍വാരി (54) എന്നിവര്‍ക്ക് മാത്രമെ അഫ്ഗാന് നിരയില്‍ അല്പമെങ്കിലും പിടിച്ചു നില്ക്കാനായുള്ളു. ആറ് ബാറ്റ്സ്മാന്മാര് രണ്ടക്കം പോലും കാണാതെ പുറത്തായി. ന്യൂസിലന്‍ഡിനു വേണ്ടി ഡാനിയേല്‍ വെട്ടോറി നാലും കോറി ആന്ഡേഴ്സന് രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
അഫ്ഗാനെതിരെ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് മാര്ട്ടിന് ഗപ്ടില്‍ (57), ബ്രണ്ടന്‍ മക്കല്ലം (42), കെയിന്‍ വില്യംസണ് (32) എന്നിവരുടെ ബാറ്റിംഗ് മികവില്‍ അഞ്ചാം തവണയും വിജയം നേടുകയായിരുന്നു.
Discussion about this post