കള്ളപ്പണം ഒഴുക്ക് തടയാന്‍ 500, 1000 നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് ബോളിവുഡ് നടി ഐശ്വര്യാ റായ് ബച്ചന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചും രാജ്യത്തെ ജനങ്ങള്‍ തീരുമാനത്തെ വിശാലമായ കാഴ്ച്ചപ്പാടില്‍ കാണണമെന്നുമാണ് ഐശ്വര്യയുടെ പ്രതികരണം.
”ഒരു ഇന്ത്യന്‍ സിറ്റിസണ്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയെ ഞാന്‍ അഭിനന്ദിക്കുകയാണ്. രാജ്യത്തെ അഴിമതിയെ തുടച്ചുനീക്കാനുള്ള വലിയ പദ്ധതിയ്ക്ക് കരുത്തുറ്റ തീരുമാനം അനിവാര്യമാണ്. ആ വലിയ വീക്ഷണം രാജ്യം തിരിച്ചറിയുകയും വേണം. മാറ്റം എല്ലായ്പ്പോഴും സുഖപ്രദമാകണമെന്നില്ല. വിശാല കാഴ്ച്ചപ്പാടില്‍ നോക്കി കണ്ടാല്‍ എല്ലാവര്ക്കും നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ അംഗീകരിക്കാനാകും,” ഐശ്വര്യ പറഞ്ഞു.
ഒക്ടോബര്‍ 24 വരെ ബാങ്കില്‍ നിന്നും ഒരാള്‍ക്ക് ആകെ നാലായിരം രൂപയേ മാറ്റി വാങ്ങാനാകൂ. എടിഎമ്മില്‍ നിന്നും പ്രതിദിനം എടുക്കാവുന്ന തുക രണ്ടായിരം മാത്രം. ഡിസംബര്‍ അവസാനം വരെ ജനങ്ങള്‍ക്ക് ബാങ്കുകള്‍ വഴിയും പോസ്റ്റ് ഓഫീസുകള്‍ വഴിയും പണം മാറ്റി വാങ്ങാന്‍ സാധിക്കും.
അസാധുവായ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ട് വിതരണം പൂര്ണമാകാന് കൂടുതല്‍ സമയം ആവശ്യമാണെന്നാണ് കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി ശനിയാഴ്ച്ച പറഞ്ഞത്. നോട്ട് മാറ്റം വലിയ പ്രക്രിയയാണ്. രണ്ടായിരും രൂപയുടെ നോട്ടുകള്‍ എടിഎമ്മുകളില്‍ എത്താന്‍ മൂന്നാഴ്ച്ച വരെ വേണ്ടി വരും. പുതിയ നോട്ടുകളുടെ വലിപ്പമനുസരിച്ച് എടിഎമ്മുകള്‍ പുനക്രമീകരിക്കേണ്ടതുണ്ട്. എടിഎമ്മുകളില്‍ കൂടുതല്‍ നൂറു രൂപാ നോട്ടുകള്‍ എത്തിക്കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു.
Discussion about this post