അടിമാലി: വിധവയായ വീട്ടമ്മയുടെ അക്കൗണ്ടില്‍ താന്‍ അറിയാതെ ലക്ഷങ്ങളുടെ ഇടപാട് നടന്നതായി പരാതി. അടിമാലി കൂമ്പന്‍പാറ ലക്ഷംവീട് കോളനിയില്‍ താഴേകുടി പാത്തുമ്മയാണ് (72) അടിമാലി പൊലീസില്‍ പരാതി നല്‍കിയത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ അറിയാതെ തന്റെ അക്കൗണ്ടില്‍ 3,70,000 രൂപ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. വിധവ പെന്ഷന്, തൊഴിലുറപ്പ് കൂലി എന്നിവയുടെ ഇടപാടുകള്‍ മാത്രമാണ് പാത്തുമ്മ അടിമാലി എസ്.ബി.ഐ ശാഖയിലെ അക്കൗണ്ട് വഴി നടത്താറുള്ളത്.
പഞ്ചായത്തില്‍ നിന്ന് അനുവദിച്ച ശൗചാലയം നിര്‍മിച്ചതിന് ജലനിധി ഓഫിസില്‍നിന്നുള്ള പണമെടുക്കാന്‍ എത്തിയപ്പോഴാണ് ദരിദ്ര കുടുംബത്തിന്റെ അത്താണിയായ തന്റെ അക്കൗണ്ടില്‍ ഇത്രയും വലിയ തുകയുടെ ഇടപാട് നടന്നതായി പാത്തുമ്മ അറിയുന്നത്. അടിമാലി എസ്.ഐ ലാല്‍ സി.ബേബിയുടെ പരിശോധനയില്‍ ബാങ്ക് മാനേജറുടെ ശ്രദ്ധക്കുറവാണ് പിഴവിന് കാരണമെന്ന് കണ്ടെത്തി.
മറ്റൊരാളുടെ ഇടപാട് വിവരങ്ങള്‍ അബദ്ധത്തില്‍ പാത്തുമ്മയുടെ പാസ് ബുക്കില്‍ പതിച്ചുനല്‍കുകയായിരുന്നു എന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. പത്തുമ്മക്ക് പാസ് ബുക്ക് മാറ്റിനല്‍കി പ്രശ്നം പരിഹരിച്ചതായും എസ്.ഐ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി ചിലര്‍ ആസൂത്രിതമായി വീട്ടമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യുകയായിരുന്നോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
Discussion about this post