ഡല്‍ഹി: സുപ്രീംകോടതി പുറത്താക്കിയ ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് താക്കൂറിന് പകരം പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്ടന് സൗരവ് ഗാംഗുലി മുന്നില്‍. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റാണ് ഗാംഗുലി.
ക്രിക്കറ്റിനെ ശുദ്ധീകരിക്കാനുള്ള ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് നേരത്തെ തന്നെ താല്പര്യം കാണിച്ചിരുന്നു. ഗാംഗുലി കൂടാതെ കേരള ക്രിക്കറ്റ് അസോസിയേഷന് മുന്‍ പ്രസിഡന്റ് ടി.സി.മാത്യു, ഈസ്റ്റ് സോണ്‍ ക്രിക്കറ്റ് അസോസിയേഷന് വൈസ് പ്രസിഡന്റ് ഗൗതം റോയ് എന്നിവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ട്.
അതേസമയം ഇടക്കാല ഭാരവാഹികളെ നിര്‍ദ്ദേശിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന് ഫാലി എസ്.നരിമാന് പിന്മാറി. മുമ്പ് ബി.സി.സി.ഐയുടെ കേസുകള്‍ വാദിച്ചിട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് നരിമാന്റെ പിന്മാറ്റം. നരിമാന് പകരം അനില്‍ ദിവാന് ആയിരിക്കും ഗോപാല്‍ സുബ്രഹ്മണ്യത്തിനൊപ്പം പുതിയ അംഗങ്ങളെ നിര്‍ദ്ദേശിക്കുക. 19-ന് മുമ്പ് അംഗങ്ങളുടെ പട്ടിക സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Discussion about this post