നീണ്ട സിനിമാ സമരത്തിന് ശേഷമെത്തിയ രണ്ട് മലയാള സിനിമകളും ബോക്സ് ഓഫീസില്‍ മുന്നേറുന്നു. പോയവര്‍ഷത്തെ രണ്ട് കൂറ്റന്‍ വിജയങ്ങളും ബോക്സ് ഓഫീസില്‍ രണ്ട് 100 കോടി ചിത്രങ്ങളും സ്വന്തമാക്കിയ മോഹന്‍ലാല്‍ പുതുവര്‍ഷത്തെ ആദ്യ റിലീസിലും പ്രതീക്ഷ കാത്തു. 2016-ല്‍ മോഹന്‍ലാലിന്റെ ഒപ്പം 70 കോടിയും, പുലിമുരുകന് 150 കോടിയും, തെലുങ്ക് ചിത്രം ജനതാ ഗാരേജ് 135 കോടിയുമാണ് ബോക്സ് ഓഫീസില്‍ നേടിയത്. പുലിമുരുകന് ബോക്സ് ഓഫീസില്‍ നൂറുകോടി കടക്കുന്ന ആദ്യമലയാളച്ചിത്രമെന്നും ചരിത്രറെക്കോര്ഡും നേടി. 150 കോടിയാണ് പുലിമുരുകന്റെ കളക്ഷന്‍.
ജനുവരി 20ന് പ്രദര്‍ശനത്തിനെത്തിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ബോക്സ് ഓഫീസില്‍ എട്ട് കോടി പിന്നിട്ടു. 337 തിയറ്ററുകളിലായി റിലീസ് ചെയ്ത സിനിമ 3 ദിവസം കൊണ്ട് 8 കോടി 65 ലക്ഷം രൂപാ ഗ്രോസ് കളക്ഷന്‍ നേടി. പുലിമുരുകന് 3 ദിവസം കൊണ്ട് 12 കോടി 91 ലക്ഷത്തി 71ആയിരത്തി 736 രൂപ കളക്ഷനായി നേടിയിരുന്നു. ഈ റെക്കോര്‍ഡ് ഭേദിക്കാനാകില്ലെങ്കിലും തുടര്‍ദിവസങ്ങളില്‍ ചിത്രം 10 കോടി ഗ്രോസ് കളക്ഷന്‍ പിന്നിടും. 16.35 ലക്ഷമാണ് മൂന്ന് ദിവസം കൊണ്ട് മുന്തിരിവള്ളികള്‍ ഏരീസ് പ്ലക്സില്‍ നിന്ന് നേടിയത്.
19ന് റിലീസ് ചെയ്ത ദുല്‍ഖര്‍ സല്മാന് ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ സമ്മിശ്രപ്രതികരണങ്ങള്‍ക്കിടയിലും ബോക്സ് ഓഫീസില്‍ കരുത്തുകാട്ടി മുന്നേറുകയാണ്. കൊച്ചി മള്‍ട്ടിപ്ലെക്സില്‍ 4 ദിവസം കൊണ്ട് 57 ലക്ഷം പിന്നിട്ട് അതിവേഗം 50 ലക്ഷം ഗ്രോസ് കടന്ന സിനിമകളില്‍ മൂന്നാമതെത്തി. 3 ദിവസം കൊണ്ട് മുഴുവന്‍ റിലീസ് കേന്ദ്രങ്ങളില്‍ നിന്നുമായി ചിത്രം 6കോടി 15 ലക്ഷം നേടിയെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. 200ലേറെ കേന്ദ്രങ്ങളായിരുന്നു ജോമോന്റെ സുവിശേഷങ്ങള്‍ക്ക് റിലീസിന് ലഭിച്ചിരുന്നത്. ഇത് പരിഗണിക്കുമ്പോള്‍ മികച്ച കളക്ഷനാണ്. തിരുവനന്തപുരം ഏരീസില്‍ നിന്ന് ദുല്‍ഖര്‍ സല്മാന് ചിത്രം നാല് ദിവസം കൊണ്ട് 10.75 ലക്ഷം നേടിയതായി ബോക്സ് ഓഫീസ് ട്രാക്കേഴ്സായ ഫോറം കേരള റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴിക്കോട്ടെ കേന്ദ്രങ്ങളില്‍ അപ്സരയില്‍ നിന്ന് 4 ദിവസം കൊണ്ട് 8.63 ലക്ഷവും ഫിലിം സിറ്റി മള്‍ട്ടിപ്ളെക്സില്‍ നിന്ന് 5.93 ലക്ഷവും സിനിമ ഷെയര്‍ ആയി നേടി.
മലയാളത്തിലെ ഇതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ ആദ്യദിവസങ്ങളില്‍ തന്നെ പുലിമുരുകന് തിരുത്തിയിരുന്നു. നാലാം ദിവസം ഔദ്യോഗിക കളക്ഷന്‍ പുറത്തുവന്നപ്പോള്‍ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിനകളക്ഷന്‍ നേടിയ ചിത്രമായി പുലിമുരുകന്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ഇനീഷ്യലും മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 10 കോടി പിന്നിട്ട ചിത്രവും മോഹന്‍ലാലിന്റേതായി. ഒപ്പം, ദൃശ്യം, പ്രേമം എന്നീ സിനിമകളുടെ റെക്കോര്‍ഡുകളെ പിന്നിലാക്കിയായിരുന്നു പുലിമുരുകന്റെ നേട്ടം. തുടര്‍ദിവസങ്ങളിലെ കളക്ഷന്‍ കൂടി പരിഗണിച്ചാല്‍ പുതുവര്‍ഷത്തിലെ ആദ്യസൂപ്പര്‍ഹിറ്റ് ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആണോ അതോ ജോമോന്റെ സുവിശേഷങ്ങള്‍ ആണോ എന്ന് അറിയാം. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ വന്‍വിജയമായാല്‍ മോഹന്‍ലാലിന് മലയാളത്തില്‍ ഹാട്രിക്് സൂപ്പര്‍ഹിറ്റ് നേട്ടം സ്വന്തമാക്കാനാകും.
Discussion about this post