ഡല്‍ഹി: കറന്‍സി രഹിത പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഇ വാലറ്റ് ആപ്പ് ഭീം മലയാളമടക്കം ഏഴു ഭാഷകളില്‍ ലഭ്യം. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ലഭിക്കുന്നതിന് പുറമേയാണ് കൂടുതല്‍ ഭാഷകളില്‍ ആപ്പ് ലഭ്യമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മലയാളം, ഗുജറാത്തി, കന്നഡ, ഒഡിയ, തമിഴ്, ബംഗാളി, തെലുഗു ഭാഷകളില്‍ ആപ്പിന്റെ സേവനം ലഭിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലൈവ് മിന്റ വെബ്ബ്‌സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഭീം ആപ്പില്‍ പ്രാദേശിക ഭാഷകള്‍ സജ്ജമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന കമ്പനിയാണ് റിവറി ടെക്‌നോളജീസ്. ഭീം ആപ്പ് ഉടന്‍ തന്നെ ഏഴ് പ്രാദേശിക ഭാഷകളില്‍ ഉടന്‍ പ്രതീക്ഷിക്കാമെന്ന് റിവറി ലാങ്വേജ് ടെക്‌നോളജീസ് വൈസ് പ്രസിഡന്റ് വിജയാനന്ദ പ്രഭു വ്യക്തമാക്കി. വരുന്ന മൂന്ന് നാല് മാസത്തിനിടെ പഞ്ചാബി, മറാത്തി, ആസാമീസ് എന്നീ ഭാഷകളും ആപ്പില്‍ ലഭ്യമാവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഡിസംബര്‍ 30ന് പുറത്തിറക്കി പത്ത് ദിവസത്തിനുള്ളില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് 10 മില്യണ്‍ പേര്‍ ഡൗണ്‍ ലോഡ് ചെയ്ത ആപ്പെന്ന പ്രത്യേകത ഭീമിനുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള ആപ്പായി ഭീം മാറുകയും ചെയ്തു. ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന യുപിഎ സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് ഭീം ആപ്പ് പ്രവര്‍ത്തിയ്ക്കുന്നത്.
മൊബൈല്‍ നമ്പറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് വഴി മൊബൈല്‍ ഫോണിന്റെ സഹായത്തോടെ പണം കൈമാറാന്‍ സഹായിക്കുന്നതാണ് ഭീമിന്റെ പ്രവര്‍ത്തന രീതി. അണ്‍ സ്ട്രക്‌ചേഡ് സപ്ലിമെന്ററി സര്‍വ്വീസ് ഡാറ്റ പ്ലാറ്റ്‌ഫോം വഴി അപ്‌ഗ്രേഡ് ചെയ്ത ഫീച്ചര്‍ ഫോണുകളിലും ഭീം ആപ്പ് പ്രവര്‍ത്തിയ്ക്കും.
Discussion about this post