കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം. മാദ്ധ്യമ പ്രവർത്തകരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. വടക്കൻ പ്രവിശ്യയായ ബാൽഖിലാണ് വീണ്ടും ഭീകരാക്രമണം ഉണ്ടായത്. ആളപായം ഇല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബോംബാണ് പൊട്ടിത്തെറിച്ചത് എന്നാണ് സൂചന. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. താനുൾപ്പെടെ ഏഴ് പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റെന്നാണ് മാദ്ധ്യമ പ്രവർത്തകൻ മുഹമ്മദ് ഫർദിൻ നോവ്‌റോസി പറയുന്നത്. പരിക്കേറ്റവരെല്ലാം മാദ്ധ്യമ പ്രവർത്തകരാണ്. പരിക്കേറ്റവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ബാൽഖിൽ നടത്തിയ ആക്രമണത്തിൽ ഗവർണർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണ് ഈ ആക്രമണത്തിനും പിന്നിൽ എന്നാണ് സൂചന. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അടുത്തിടെയായി താലിബാൻ പാകിസ്താനിൽ തുടർച്ചയായി ഭീകരാക്രമണങ്ങൾ നടത്തിവരികയാണ്. ഇതിനോടുള്ള പ്രതികാരമാണ് തുടർച്ചയായി അഫ്ഗാനിൽ ഉണ്ടാകുന്ന ഭീകരാക്രമണങ്ങൾ എന്നാണ് സംശയിക്കുന്നത്.
Discussion about this post