കൊച്ചി: ബ്രഹ്മപുരത്തെ തീപിടുത്തത്തിന്റെയും കൊച്ചിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെയും പശ്ചാത്തലത്തിൽ ആശുപത്രികളിൽ രോഗനിരീക്ഷണത്തിന്റെ ഭാഗമായി വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. രോഗാവസ്ഥയിലേക്ക് എത്തിച്ചേരുവാനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
ഇതിനായി ആധുനിക എയർ ക്വാളിറ്റി മോണിട്ടറിംഗ് ഡിവൈസുകൾ എറണാകുളം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ സ്ഥാപനങ്ങളിൽ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രോഗാവസ്ഥയിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ഇതിലൂടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ സാധിക്കും.
വായുവിന്റെ ഗുണനിലവാര തോത് അനുസരിച്ച് ശ്വാസ കോശ സംബന്ധിയായ രോഗങ്ങളുടെ നിരീക്ഷണ സംവിധാനം ശക്തമാക്കുവാൻ ഈ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് വഴി സാധിക്കും. സംസ്ഥാനത്തു നടപ്പാക്കി വരുന്ന ഏകാരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ സംവിധാനം സ്ഥാപിക്കുന്നത്.
ബ്രഹ്മപുരം മാലിന്യനിക്ഷേപ സ്ഥലത്ത് പടർന്ന തീ 11 ദിവസമായിട്ടും ഇതുവരെ പൂർണമായി അണയ്ക്കാൻ സാധിച്ചിട്ടില്ല. നിരവധി ആളുകളാണ് അസുഖബാധിതരായി ചികിത്സ തേടുന്നത്. ചുമയും ശ്വാസം മുട്ടലും തൊണ്ടവേദനയുമൊക്കെയാണ് കൂടുതൽ പേർക്കും അനുഭവപ്പെടുന്നത്. കുട്ടികളിലും പ്രായമായവരിലുമാണ് അസ്വസ്ഥത കൂടുതൽ കാണുന്നത്. മാസ്‌ക് ഉൾപ്പെടെയുളള സ്വയം പ്രതിരോധ മാർഗങ്ങളുമായിട്ടാണ് ജനങ്ങൾ ഇപ്പോൾ പുറത്തിറങ്ങുന്നത്.
Discussion about this post