മുംബൈ; മഹാരാഷ്ട്രയിലെ ഔറംഗബാദ്, ഒസ്മാനാബാദ് ജില്ലകളുടെ പേര് മാറ്റത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി. ഔറംഗബാദ് ഛത്രപതി ശിവാജിയുടെ മൂത്ത പുത്രൻ സംഭാജിയുടെ പേരിലും ഒസ്മാനാബാദ് ധാരാശിവ് എന്നുമാണ് മാറ്റുക. വെളളിയാഴ്ചയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതിന് സംസ്ഥാന സർക്കാരിന് അനുമതി നൽകിയത്. സംഭാജി നഗർ എന്നാകും ഔറംഗബാദിന്റെ പേര് മാറ്റം.
മഹാരാഷ്ട്ര സർക്കാർ തന്നെയാണ് പുതിയ പേരുകൾ സമർപ്പിച്ചത്. ഇതിൽ എതിർപ്പില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിക്കുകയായിരുന്നു. കേന്ദ്രസർക്കാർ നടപടിയെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് സ്വാഗതം ചെയ്തു. പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി പറഞ്ഞ് പോസ്റ്റ് ചെയ്ത ട്വീറ്റിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ കത്തും അദ്ദേഹം ഉൾപ്പെടുത്തി.
ശിവസേന ദീർഘകാലമായി ആവശ്യപ്പെടുന്നതാണ് രണ്ട് ജില്ലകളുടെയും പേരുമാറ്റം. മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കാലത്ത് 2022 ജൂൺ 29 ന് മഹാരാഷ്ട്ര മന്ത്രിസഭ പേര് മാറ്റത്തിന് അംഗീകാരം നൽകുകയും ചെയ്തു. എന്നാൽ ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ നടപടികൾ വേഗത്തിലാക്കുകയായിരുന്നു.
രണ്ട് ജില്ലകളുടെയും പേര് മാറ്റത്തിന് കേന്ദ്രസർക്കാരിന് എതിർപ്പില്ലെന്ന് ഫെബ്രുവരി ആദ്യം അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് ബോംബെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
1988 മെയ് എട്ടിന് ശിവസേനയുടെ സ്ഥാപകനായ ബാൽ താക്കറെ ഔറംഗബാദിന്റെ പേര് മാറ്റം പ്രഖ്യാപിച്ചിരുന്നു. 1995 ൽ ഔറംഗബാദ് മുൻസിപ്പൽ കോർപ്പറേഷൻ ഇതുമായി ബന്ധപ്പെട്ട പ്രമേയവും പാസാക്കി. സംഭവത്തിൽ പിന്നീട് വന്ന ശിവസേന സർക്കാർ വിജ്ഞാപനമിറക്കുകയും അഭിപ്രായം തേടുകയും ചെയ്തിരുന്നു.
Discussion about this post