കൊച്ചി : യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ”വാഴക്കുല” വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ചങ്ങമ്പുഴയുടെ മകൾ ലളിത. കഴിഞ്ഞ ദിവസം ചിന്ത ജെറോം ലളിതയെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. തുടർന്നാണ് ലളിത ചങ്ങമ്പുഴ പ്രതികരിച്ചത്.
‘ഒരു വിദ്യാർത്ഥിക്ക് തെറ്റ് പറ്റാം. അത് സ്വാഭാവികമാണ്. തുടക്കം മുതൽ ഞാൻ ചിന്താ ജെറോമിനെ കുറ്റം പറഞ്ഞിട്ടില്ല. പക്ഷേ, ഗൈഡിന് പറ്റിയ തെറ്റ് വളരെ ഗുരുതരമാണ്. അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകണം” ലളിത ചങ്ങമ്പുഴ പറഞ്ഞു. തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും ചിന്ത പറഞ്ഞാൽ പിന്നെന്ത് പറയാനാകും എന്നാണ് ലളിത ചോദിച്ചത്. ചിന്ത വീണ്ടും ഗവേഷണം നടത്തുകയാണെങ്കിൽ ഈ ഗൈഡിനെ വിലയിരുത്താൻ ഏൽപ്പിക്കരുതെന്നും ചങ്ങമ്പുഴയുടെ മകൾ ഉപദേശിച്ചു.
അതേസമയം തെറ്റ് സംഭവിച്ചത് പരിശോധിക്കുമെന്നും ഗവേഷണപ്രബന്ധം പുസ്തകമാക്കുമ്പോൾ തിരുത്തുവരുത്തുമെന്നും ചിന്ത പറഞ്ഞു. തന്റെ വിവാഹത്തിന് ക്ഷണിക്കുമ്പോൾ തീർച്ചയായും വരണമെന്നും ചിന്ത ആവശ്യപ്പെട്ടു.
ചങ്ങമ്പുഴയുടെ വിഖ്യാത കവിതയായ വാഴക്കുല എഴുതിയത് വൈലോപ്പള്ളിയാണെന്നാണ് ചിന്തയുടെ ഡോക്ടറേറ്റ് പ്രബന്ധത്തിൽ പരാമർശിച്ചിരുന്നത്. ഈ ഗുരുതര തെറ്റ് കണ്ടെത്തിയതോടെ ചിന്ത ജെറോമിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. ചങ്ങമ്പുഴയുടെ കുടുംബത്തിൽ നിന്ന് ആദ്യം പ്രതികരിച്ചത് മകൾ ലളിത തന്നെയായിരുന്നു.
പ്രബന്ധത്തിൽ ഗുരുതര പിഴവ് കണ്ടെത്തിയ സാഹചര്യത്തിൽ ഡോക്ടറേറ്റ് റദ്ദാക്കണമെന്നാണ് ലളിത ചങ്ങമ്പുഴ നേരത്തെ ആവശ്യപ്പെട്ടത്. ഗുരുതരമായ തെറ്റുള്ള പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നൽകുമെന്നും ലളിത ചോദിച്ചിരുന്നു.
Discussion about this post