തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ചിന്ത ജെറോമിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി. ചിന്തയുടെ സേവന കാലാവധി അവസാനിച്ചെന്നും, നിയമവിരുദ്ധമായാണ് സ്ഥാനത്ത് തുടരുന്നതെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസാണ് ഗവർണർക്ക് പരാതി നൽകിയത്. നേരത്തെ ചിന്തയുടെ ഗവേഷണ പ്രബന്ധവും, ഫോർ സ്റ്റാർ റിസോർട്ടിലെ താമസവും വലിയ വിവാദം ആയിരുന്നു. ഇതിന് പിന്നാലെയാണ് പദവിയിൽ അനധികൃതമായി തുടരുന്നുവെന്ന ആരോപണം ഉയർന്നിരിക്കുന്നത്.
മൂന്ന് വർഷമാണ് യുവജന കമ്മീഷൻ അദ്ധ്യക്ഷന്റെ സേവന കാലാവധി. എന്നാൽ ചിന്ത പദവിയിൽ എത്തി ആറ് വർഷം പിന്നിടുന്നു. യുവാക്കളുടെ ക്ഷേമത്തിനായി 2014 ൽ രൂപീകരിച്ച കമ്മീഷന്റെ അദ്ധ്യക്ഷയായി ചിന്തയെ 2016 ലാണ് നിയോഗിച്ചത്. കാലാവധി കഴിഞ്ഞും പദവിയൊഴിയാതെ ഇവർ തുടരുന്നത് ചട്ടവിരുദ്ധമാണ്. ഗ്രേസ് പിരീഡ് കൂടി ശമ്പളം വാങ്ങിയെടുക്കാനായാണ് ഇവർ പദവിയിൽ തുടരുന്നതെന്നും പരാതിയിൽ പറയുന്നു.
സംസ്ഥാന സെക്രട്ടറി വിഷ്ണുവാണ് യൂത്ത് കോൺഗ്രസിന് വേണ്ടി പരാതിയുമായി ഗവർണറെ സമീപിച്ചിരിക്കുന്നത്. വിവാദങ്ങളിൽ പ്രതികരിച്ചതിന് ചിന്ത തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വിഷ്ണു ആരോപിക്കുന്നു.
അതേസമയം ചിന്തയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് ഉയർത്തിയിരിക്കുന്ന ആരോപണം ഏറെ ഗൗരവമേറിയത് ആണ്. അടുത്തിടെ ചിന്തയുടെ ശമ്പളം ഒരു ലക്ഷം രൂപയായി സർക്കാർ ഉയർത്തിയിരുന്നു. കാലാവധി അവസാനിച്ച കാര്യം കണ്ടില്ലെന്ന് നടിച്ചാണ് സർക്കാർ നടപടി.
Discussion about this post