തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, കേരള പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വിക്ടർ ടി തോമസ് അംഗത്വം സ്വീകരിച്ചത്. വിക്ടർ ടി തോമസ് ജോണി നെല്ലൂരിന്റെ എൻപിപിയിലേക്ക് പോകുമെന്ന പ്രചരണം ശക്തമായിരുന്നുവെങ്കിലും അദ്ദേഹം പ്രചരണങ്ങൾ കാറ്റിൽ പറത്തി ബിജെപിയിൽ ചേരുകയായിരുന്നു.
കേരള കോൺഗ്രസ് (ജോസഫ്) പത്തനംതിട്ട ജില്ല പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചിരുന്ന വിക്ടർ ടി തോമസ് യുഡിഎഫ് നേതാക്കൾ തന്നെ കാലുവാരി തോൽപ്പിച്ചെന്നും പാർട്ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ആണ് താനെന്നും രാജിക്ക് പിന്നാലെ പ്രതികരിച്ചിരുന്നു.
കെഎസ്സി(എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് വിക്ടർ തോമസ്.
Discussion about this post