ഐപിഎൽ മത്സരങ്ങളിൽ ഉജ്ജ്വല വിജയം നേടി ചെന്നൈയും ഡൽഹിയും. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ആറുവിക്കറ്റിനാണ് ചെന്നൈയുടെ വിജയം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ 7 വിക്കറ്റുകൾക്കാണ് ഡൽഹി ക്യാപിറ്റൽസ് തകർത്തത്.
ആദ്യ മത്സരത്തിൽ ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് നിശ്ചിത ഓവറുകളിൽ 8 വിക്കറ്റുകൾക്ക് 139 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ബാറ്റർമാർ നിറം മങ്ങിയതാണ് മുംബൈക്ക് വിനയായത്. 64 റൺസെടുത്ത നിഹാൽ വധേരയും 26 റൺസെടുത്ത സൂര്യകുമാർ യാദവുമാണ് മുംബൈക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വച്ചത്. രോഹിത് ശർമ്മ ഇക്കുറിയും പൂജ്യത്തിനു പുറത്തായി. 15 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തിയ പാതിരാനയാണ് ചെന്നൈ ബൗളിംഗിൽ തിളങ്ങിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് നല്ല തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഡെവൺ കോൺവേ 44 ഉം റുതുരാജ് ഗെയ്ക്‌വാദ് 30 ഉം റൺസെടുത്തു. അവസാനം മൂന്ന് സിക്സറുകൾ പായിച്ച് ശിവം ദുബെ മാച്ച് ചെന്നൈയുടെ വരുതിയിലാക്കി.
രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് മുന്നോട്ടു വെച്ച 182 റൺസ് വിജയ ലക്ഷ്യം ഡൽഹി അനായാസം മറികടന്നു. 87 റൺസെടുത്ത ഫിൽ സോൾട്ടിന്റെ തകർപ്പൻ ബാറ്റിംഗാണ് റോയൽ ചലഞ്ചേഴ്സിനെ വിജയിപ്പിച്ചത്. മിച്ചൽ മാർഷ് 26 ഉം റോസ്സോ 35 ഉം റൺസെടുത്ത് നിർണായക സംഭാവനകൾ നൽകി. നേരത്തെ വിരാട് കോഹ്‌ലിയുടേയും മഹിപാൽ ലോംറോറിന്റെയും അർദ്ധ സെഞ്ച്വറികളാണ് റോയൽ ചലഞ്ചേഴ്സിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ക്യാപ്ടൻ ഫാഫ് ഡുപ്ലസിസ് 45 റൺസെടുത്തു.
10 മത്സരങ്ങളിൽ നിന്ന് ഏഴു വിജയങ്ങൾ നേടിയ ഗുജറാത്ത് ടൈറ്റൻസാണ് പോയിന്റ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. 6 വിജയങ്ങൾ നേടിയ ചെന്നൈ രണ്ടാമതും ലക്നൗവും രാജസ്ഥാനും മൂന്നും നാലും സ്ഥാനങ്ങളിലുമാണ്.
Discussion about this post