മുംബൈ : വാംഖഡെ സ്റ്റേഡിയത്തിൽ രാത്രിയിലും കത്തിജ്ജ്വലിച്ച സൂര്യന്റെ പ്രഭയിൽ മുംബൈ ഇന്ത്യൻസിന് വിജയത്തിളക്കം. റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ 6 വിക്കറ്റുകൾക്കാണ് മുംബൈയുടെ ജയം. സൂര്യകുമാർ യാദവിന്റെ തകർപ്പൻ ഇന്നിംഗ്സാണ് മുംബൈക്ക് അനായാസ ജയം സമ്മാനിച്ചത്. റോയൽ ചലഞ്ചേഴ്സ് ഉയർത്തിയ 200 റൺസ് വിജയ ലക്ഷ്യം മുംബൈ പതിനേഴാം ഓവറിൽ മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ഗ്ലെൻ മാക്സ്‌വെല്ലിന്റെയും ക്യാപ്ടൻ ഫാഫ് ഡുപ്ലസിയുടേയും ബാറ്റിംഗ് മികവിൽ ആറു വിക്കറ്റിന് 199 റൺസെടുത്തു. ദിനേഷ് കാർത്തിക് 30 റൺസെടുത്ത് പിന്തുണ നൽകി. അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ കഴിയാതിരുന്നത് ബംഗളൂരുവിനെ ബാധിച്ചു. കേദാർ ജാദവ് 10 പന്തിൽ 12 റൺസും ഹസരംഗ 8 പന്തിൽ 12 റൺസും നേടി പുറത്താകാതെ നിന്നു. വിരാട് കോഹ്‌ലിക്ക് ഒരു റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് സ്വപ്ന തുല്യമായ തുടക്കമാണ് 21 പന്തിൽ 42 റൺസെടുത്ത ഇഷാൻ കിഷൻ സമ്മാനിച്ചത്. രോഹിത് ശർമ്മ ഒരിക്കൽകൂടി നിരാശപ്പെടുത്തി. 8 പന്തിൽ 7 റൺസ് നേടാനേ രോഹിതിന് കഴിഞ്ഞുള്ളൂ. സ്കോർ 52 ൽ നിൽക്കേ ഓപ്പണർമാർ പവലിയൻ കയറി.
പിന്നീട് ഒന്നിച്ച നിഹാൽ വധേരയും സൂര്യകുമാർ യാദവും അക്ഷരാർത്ഥത്തിൽ ബാറ്റിംഗ് വെടിക്കെട്ടാണ് നടത്തിയത്. ഇടക്കാലത്തെ ഫോമില്ലായ്മയ്ക്ക് ശേഷം തിരിച്ചെത്തിയ സൂര്യകുമാർ യാദവ് റോയൽ ചലഞ്ചേഴ്സ് ബൗളർമാരെ നിർദാക്ഷിണ്യം അടിച്ചു പറത്തി. വധേരയും മോശമായിരുന്നില്ല. ഇരുവരും ചേർന്ന് പടുത്തുയർത്തിയ 140 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മുംബൈയെ വിജയതീരത്ത് അനായാസമെത്തിച്ചത്. സ്കോർ 192 ൽ നിൽക്കെ സൂര്യയും ടിം ഡേവിഡും മടങ്ങിയെങ്കിലും പതിനേഴാം ഓവറിൽ സിക്സറോടെ വധേര ടീമിന്റെ വിജയ റൺ നേടുകയായിരുന്നു.
35 പന്തിൽ ആറു സിക്സറുകളുടേയും ഏഴ് ബൗണ്ടറികളുടേയും അകമ്പടിയോടെയാണ് സൂര്യകുമാർ യാദവ് 83 റൺസെടുത്തത്. 34 പന്തിൽ മൂന്ന് സിക്സറുകളും നാല് ബൗണ്ടറിയുമടിച്ച നിഹാൽ വധേര 52 റൺസുമായി പുറത്താകാതെ നിന്നു.
ഈ വിജയത്തോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് സാദ്ധ്യത നിലനിർത്തി. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മുംബൈ. ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ലക്നൗ സൂപ്പർ ജയന്റ്സാണ് നാലാം സ്ഥാനത്ത്.
Discussion about this post