മുംബൈ : മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കാമറൂൺ ഗ്രീനിനെ പുറത്താക്കിയ രവീന്ദ്ര ജഡേജയുടെ കിടിലൻ ക്യാച്ചിൽ അമ്പരന്ന് നിൽക്കുകയാണ് ക്രിക്കറ്റ് ലോകം. കാമറൂൺ ഗ്രീനിന്റെ ബുള്ളറ്റ് ഷോട്ടിനെ ഒറ്റക്കൈയിൽ ഒതുക്കിയ ജഡേജയുടെ ക്യാച്ചിന് സാമൂഹ്യമാദ്ധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. ഇതോടെയാണ് ചെന്നൈ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിയുടെ പഴയ ട്വീറ്റ് ചിലർ ഓർത്തെടുക്കുന്നത്.
മുംബൈയുടെ ഒൻപതാം ഓവറിലായിരുന്നു അത് സംഭവിച്ചത്. തന്റെ രണ്ടാം ഓവർ എറിയാൻ വന്ന ജഡേജയുടെ ഫുൾ ലെംഗ്ത് പന്തിൽ കാമറൂൺ ഗ്രീനിന്റെ ബുള്ളറ്റ് സ്ട്രെയ്റ്റ് ഷോട്ട്. മുഖം രക്ഷിക്കാൻ കണ്ണുമടച്ച് ജഡേജ കയ്യുയർത്തി. പിന്നിൽ നിന്ന അമ്പയർ സ്വയം രക്ഷിക്കാൻ ഇതിനോടകം കുനിഞ്ഞു നിൽക്കുകയും ചെയ്തു. എന്നാൽ അത്ഭുതകരമെന്ന് പറയട്ടെ പന്ത് ജഡേജയുടെ കയ്യിൽ ഒട്ടിയതു പോലെ ഉഗ്രൻ ക്യാച്ചായി മാറി. ഒറ്റക്കൈ കൊണ്ടായിരുന്നു ജഡേജ പന്ത് പിടിച്ചത്.
https://twitter.com/StanMSD/status/1644715692225359872?s=20
ലോകത്തെ ഏറ്റവും മികച്ച മൂന്ന് ഫീൽഡർമാർ ആരെന്ന ചോദ്യത്തിന് ഫീൽഡിംഗ് ഇതിഹാസം ജോണ്ടി റോഡ്സ് ഒരു പേരേ പറഞ്ഞിരുന്നുള്ളൂ. രവീന്ദ്ര ജഡേജ. റോഡ്സിന്റെ അഭിപ്രായം ശരിവെക്കുന്ന തരത്തിൽ തന്നെയായിരുന്നു ജഡേജയുടെ ക്യാച്ചും.
“ജഡേജ സർ ക്യാച്ചിനായി ഓടാറില്ല. പന്ത് അദ്ദേഹത്തെ കണ്ടു പിടിച്ച് അദ്ദേഹത്തിന്റെ കൈകളിൽ പോയി വീഴുകയാണ് “
പത്തുവർഷം മുൻപ് ധോണി ട്വീറ്റിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. പഴയ ട്വീറ്റ് ഇതോടെ വൈറലാവുകയും ചെയ്തു.
Discussion about this post