ആലപ്പുഴ; ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നത് തുടർന്ന് സിപിഎം. ചെങ്ങന്നൂരിൽ പാർട്ടി പരിപാടിയിൽ മദ്ധ്യതിരുവിതാംകൂറിലെ ഹിന്ദുക്കൾ പവിത്രമായി കാണുന്ന ജീവത എഴുന്നള്ളിപ്പിനെ സിപിഎം പ്രവർത്തകർ അവഹേളിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ചെങ്ങന്നൂരിൽ എത്തിയപ്പോൾ നൽകിയ സ്വീകരണത്തിലായിരുന്നു ജീവതയുടെ മാതൃക പ്രവർത്തകർ ഉൾക്കൊള്ളിച്ചത്.
ഓണാട്ടുകരയിൽ പറയെഴുന്നള്ളിപ്പിന്റെ ഭാഗമാണ് ജീവത എഴുന്നള്ളിപ്പ്. ദേവിയെ തോളിലേറ്റി എതിരേൽക്കുന്ന ആചാരമാണ് ഇത്. ഇതിന് സമാനമായ രൂപം തോളിൽ ഏറ്റിയായിരുന്നു ജീവത എഴുന്നള്ളിപ്പിനെ സിപിഎം പ്രവർത്തകർ അപമാനിച്ചത്. ചുവന്ന നിറത്തിലുള്ള തുണ്ടികൊണ്ട് ഉണ്ടാക്കിയ ജീവത രൂപത്തിൽ പാർട്ടിയുടെ ചിഹ്നമായ അരിവാൾ ചുറ്റികയും ഉൾപ്പെടുത്തിയിരുന്നു.
ഭക്തിയുടെ പാരമ്യതയിൽ ജീവത എടുക്കുന്നവർ ഉറഞ്ഞുതുള്ളാറുണ്ട്. ഇതേ രീതിയിൽ ചെണ്ടമേളത്തിന്റെ താളത്തിനൊപ്പം സഖാക്കൾ ജീവത ചലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഹൈന്ദവ വിശ്വാസികളിൽ നിന്നും ഉണ്ടാകുന്നത്.
മന്ത്രി സജി ചെറിയാന്റെ മണ്ഡലമാണ് ചെങ്ങന്നൂർ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ ഇത്തരം പ്രവൃത്തി ആ സങ്കൽപം തകർക്കാൻ ലക്ഷ്യമിട്ടാണെന്നാണ് വിശ്വാസികൾ പറയുന്നത്.
സജി ചെറിയാന്റെ നേതൃത്വത്തിലാണ് ഹിന്ദു വിശ്വാസികൾ പവിത്രമായി കാണുന്ന ജീവതയെ അവഹേളിച്ചതെന്ന് ബിജെപി ആലപ്പുഴ ജില്ലാ അദ്ധ്യക്ഷൻ എംവി ഗോപകുമാർ പറഞ്ഞു. വിശ്വാസത്തെയും ആരാധനാ സമ്പ്രദായത്തെയും അപമാനിക്കുന്ന പാർട്ടിയാണ് സിപിഎം. പാർട്ടിയ്ക്ക് ബഹുമാനവും ആരാധനയും തീവ്രവാദികളെ മാത്രം. ഈ സമീപനം പാർട്ടി മാറ്റണം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധമാവും വിശ്വാസികളുടെ ഭാഗത്തു നിന്നും ഉണ്ടാകുകയെന്നും അദ്ദേഹം താക്കീത് നൽകി.
കഴിഞ്ഞ ദിവസം പരിപാടിയിൽ കോമരത്തെ അവഹേളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അധിക്ഷേപിച്ച് സിപിഎം രംഗത്ത് എത്തിയിരുന്നത്. ഇതിൽ കൊടുങ്ങല്ലൂർ അമ്മ സേവ സംഘം ശക്തമായി പ്രതിഷേധിച്ചിരുന്നു. നേരത്തെ തെയ്യത്തിന്റെയും പടയണി കോലത്തിന്റെയുമെല്ലാം വേഷങ്ങൾ സിപിഎം ഉപയോഗിച്ചിരുന്നു.
Discussion about this post