എറണാകുളം: കൊച്ചി നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും മണ്ണിനേയും വെള്ളത്തെയും പ്രാണവായുവിനെയും വിഷമയമാക്കിത്തീർത്ത ബ്രഹ്‌മപുരം മാലിന്യദുരന്തം മനുഷ്യനിർമ്മിതമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിന്റെ ഉത്തരവാദികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരണം. അതുവരെ ശക്തമായ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രാണവായു നമ്മുടെ ജന്മവകാശംഎന്ന മുദ്രാവാക്യം ഉയർത്തി ബ്രഹ്‌മപുരത്തു നിന്നും കൊച്ചി കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ ബഹുജനമാർച്ചിന്റെ ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
തീയും പുകയും അണഞ്ഞെങ്കിലും ഈ ദുരന്തത്തിന്റെ യഥാർത്ഥ തീ ഉടനെയൊന്നും അണയാൻ പോകുന്നില്ല. ഭാവിയിലും വലിയ പ്രത്യാഘാതങ്ങളാണ് ഇത് ഉണ്ടാക്കുവാൻ പോകുന്നത്. കുടിവെള്ളത്തിലും ശ്വസിക്കുന്ന വായുവിലും മാരകമായ വിഷമാണ് അടങ്ങിയിരിക്കുന്നത്. ഇത് ഭാവിതലമുറയെകൂടി ബാധിക്കും. ഇതിന്റെ പിന്നിൽ വലിയ അഴിമതിയാണ് നടന്നിട്ടുള്ളത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മുമാണ് മുഖ്യപ്രതികൾ. അദ്ദേഹവും പരിവാരങ്ങളും നടത്തിയ കൊടിയ അഴിമതികളുടെ പരിണിതഫലമാണ് ഈ ദുരന്തം. ഇത്തരം അഴിമതികളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും കേരളത്തെ രക്ഷിക്കുവാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ എസ് ഷൈജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണൻ, സംസ്ഥാന സെക്രെട്ടറിമാരായ അഡ്വക്കേറ്റ് എസ് സുരേഷ്, ഡോ രേണു സുരേഷ്, സംസ്ഥാന വക്താക്കളായ കെ വി എസ് ഹരിദാസ്, അഡ്വക്കേറ്റ് ടി പി സിന്ധുമോൾ, പരിസ്ഥിതി സെൽ സംസ്ഥാന കൺവീനർ ഡോ സി എം ജോയ്,സംസ്ഥാന സമിതി അംഗം എൻ പി ശങ്കരൻകുട്ടി, മേഖല ജന സെക്രട്ടറി വി എൻ. വിജയൻ, പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് മനക്കേക്കര, കോലഞ്ചേരി മണ്ഡലം പ്രസിഡന്റ് വിനോജ് പി സി തുടങ്ങിയവർ പ്രസംഗിച്ചു.
Discussion about this post