ആലപ്പുഴ: ഹർത്താലിന്റെ പേരിൽ വ്യാപകമായി പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ സർക്കാർ കണ്ടുകെട്ടിയത് പോപ്പുലർ ഫ്രണ്ടിന്റെ 28 കോടി രൂപയുടെ സ്വത്തുക്കൾ. ഇവ ലേലത്തിൽ വയ്ക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. കോടതിയുടെ നിർദ്ദേശം ലഭിച്ചാൽ ഉടൻ ലേലം നടത്താനാണ് സർക്കാർ തീരുമാനം.
കഴിഞ്ഞ സെപ്തംബറിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ 5.2 കോടി രൂപയുടെ പൊതുമുതലാണ് നശിപ്പിക്കപ്പെട്ടത്. ഈ തുക പോപ്പുലർ ഫ്രണ്ടുകാരിൽ നിന്നും തന്നെ ഈടാക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. ഇത് പ്രകാരമാണ് സർക്കാർ സ്വത്തുക്കൾ ജപ്തി ചെയ്തത്. ജപ്തിയിൽ പിടിച്ച വസ്തുക്കൾ മൂന്ന് മാസത്തിനുള്ളിൽ ലേലത്തിൽ വയ്ക്കണം എന്നാണ് ചട്ടം. ഇതേ തുടർന്നാണ് ഇതിനായുള്ള നടപടികൾ സർക്കാർ ആരംഭിച്ചത്. സർക്കാർ രൂപീകരിച്ച ക്ലെയിം കമ്മീഷൻ നഷ്ടപരിഹാരം നൽകുന്നതിനുള്ള നോട്ടീസും നൽകി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസമായിരുന്നു സർക്കാർ പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുവകകൾ ജപ്തി ചെയ്തത്. ആകെ 28,72,35,342 രൂപയുടെ വസ്തുവകകളാണു കണ്ടുകെട്ടിയത്.
കഴിഞ്ഞ വർഷം സെപ്തംബർ 29നായിരുന്ന പോപ്പുലർ ഫ്രണ്ട് ഹർത്താൽ. രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ.
Discussion about this post