തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും വേനൽ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് കണ്ണൂർ, കാസർകോട് എന്നിവിടങ്ങൾ ഒഴികെയുള്ള ജില്ലകളിലാണ് വ്യാപകമായി മഴ പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെങ്കിലും മുന്നറിയിപ്പൊന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല. നാളെ കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകൾ ഒഴികെയുള്ളവിടങ്ങളിലാണ് മഴ ലഭിക്കുക. വ്യാഴാഴ്ച മഴയുടെ ശക്തി കുറയും. തെക്കൻ-മദ്ധ്യ കേരളത്തിലാകും മഴ ലഭിക്കുക. വെള്ളിയാഴ്ചയും ഇതേ അവസ്ഥ തുടരും.
ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ കടലോരത്ത് താമസിക്കുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കടലേറ്റത്തിന് സാദ്ധ്യതയുള്ള സാഹചര്യത്തിൽ തീര മേഖലയിൽ ഉള്ളവർ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണം. ഇടിമിന്നൽ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post