തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിന്റെ പേരിൽ പ്രതിഷേധിച്ച വനിതാ കണ്ടക്ടർ അഖില എസ് നായരെ സ്ഥലം മാറ്റിയ നടപടി പിൻവലിച്ച് കെഎസ്ആർടിസി. ശമ്പള രഹിത സേവനം 41 ാം ദിവസം എന്ന് പേപ്പറിൽ എഴുതി യൂണിഫോമിൽ പിൻചെയ്തുവെച്ചായിരുന്നു അഖിലയുടെ പ്രതിഷേധം. ഇത് കോർപ്പറേഷനും സർക്കാരിനും അവമതിപ്പുണ്ടാക്കിയെന്ന് ആരോപിച്ചാണ് അഖിലയെ വൈക്കം ഡിപ്പോയിൽ നിന്ന് പാലയിലേക്ക് സ്ഥലംമാറ്റിയത്. ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ആർടിസി തെറ്റ് തിരുത്താൻ തയ്യാറായത്.
എന്നാൽ സമാധാനപരമായി ജോലി ചെയ്ത് പ്രതിഷേധിച്ച ജീവനക്കാരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കെഎസ്ആർടിസി മാനേജ്‌മെന്റിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കെഎസ്ആർടിസി ജീവനക്കാരുടെ ബിഎംഎസ് അനുകൂല സംഘടനയായ കെഎസ്ടി എംപ്ലോയീസ് സംഘിന്റെ സംസ്ഥാന കമ്മിറ്റിയംഗമാണ് അഖില. സംഘടന ആഹ്വാനം ചെയ്തത് അനുസരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം.
അഖിലയെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് നാളെ കെഎസ്ആർടിസി ചീഫ് ഓഫീസിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിയവരും നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു.
ജീവനക്കാർക്ക് കൃത്യമായി ശമ്പളം വിതരണം ചെയ്യാൻ ആർജ്ജവം കാണിക്കാത്ത കെഎസ്ആർടിസി വനിതാ ജീവനക്കാരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ കൃത്യമായി തീരുമാനമെടുത്തതിൽ കടുത്ത വിമർശനമാണ് ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് തീരുമാനം പിൻവലിച്ചതെന്നാണ് വിവരം.
Discussion about this post