ന്യൂഡൽഹി; പാർലമെന്റിൽ വെച്ച് തന്നെ ആക്ഷേപിച്ചുവെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീർത്തിക്കേസ് നൽകുമെന്ന് കോൺഗ്രസ് വനിതാ നേതാവ് രേണുക ചൗധരി. മോദി സമുദായത്തെ ആക്ഷേപിച്ച സംഭവത്തിൽ രാഹുൽ ഗാന്ധിക്ക് സൂററ്റ് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് രേണുകാ ചൗധരി ഇക്കാര്യം അറിയിച്ചത്.
2018 ൽ പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരമായി കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടുന്നത്. രാമായണത്തിലെ ശൂർപ്പണഖയോട് തന്നെ ഉപമിച്ചുവെന്നാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട വീഡിയോയും രേണുകാ ചൗധരി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഞാൻ അദ്ദേഹത്തിനെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്യും. കോടതി എത്ര വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഒന്ന് കാണട്ടെയെന്നും കോൺഗ്രസ് നേതാവ് ട്വിറ്ററിൽ കൂട്ടിച്ചേർത്തു.
2018 ഫെബ്രുവരി ഏഴിന് രാജ്യസഭയിൽ പ്രതിപക്ഷം തുടർച്ചയായി ബഹളമുണ്ടാക്കി സഭ തടസപ്പെടുത്തിയപ്പോഴായിരുന്നു നരേന്ദ്രമോദിയുടെ വാക്കുകൾ. രേണുകാ ചൗധരിയുടെ പരിഹാസച്ചിരി അന്ന് രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന്റെ താക്കീത് ക്ഷണിച്ചുവരുത്തിയിരുന്നു. ഇതേക്കുറിച്ച് പരാമർശിക്കവേ രാജ്യസഭാ അധ്യക്ഷനെ അഭിസംബോധന ചെയ്തായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. രേണുകാ ചൗധരിയെ ഒന്നും പറയരുതെന്നും ഇത്തരം അട്ടഹാസം രാമായണം സീരിയലിന് ശേഷം കേൾക്കുന്നത് ആദ്യമായിട്ടാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
രാഹുലിന് കോടതി രണ്ട് വർഷത്തെ തടവ് വിധിച്ച സംഭവത്തിൽ ബിജെപിയെ പഴിചാരുകയാണ് കോൺഗ്രസ് നേതാക്കൾ. അതിന്റെ ഭാഗമായിട്ടാണ് രേണുകാ ചൗധരിയുടെയും പ്രതികരണം. 2019 തിരഞ്ഞെടുപ്പിനിടെ മോദി സമുദായത്തെ മുഴുവൻ ആക്ഷേപിച്ച സംഭവത്തിലാണ് രാഹുലിന് സൂററ്റിലെ കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. അപ്പീൽ നൽകാൻ ഒരു മാസത്തെ സാവകാശം അനുവദിച്ച കോടതി രാഹുലിന് ജാമ്യവും അനുവദിച്ചിരുന്നു.
Discussion about this post