മദ്യത്തിനടിമയായി വളരെ ചെറുപ്പത്തില്‍ ജീവിതം തീര്‍ന്നുപോയ ഒരു യുവാവിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ് ‘ദ ലിവര്‍ ഡോക്ടര്‍’ എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന കരള്‍രോഗ വിദഗ്ധനായ മലയാളി ഡോ. സിറിയക് എബി ഫിലിപസാണ് ഇത് വിവരിച്ചിരിക്കുന്നത്. തന്റെ മുന്നില്‍ ചികിത്സ തേടിയെത്തിയ ആ യുവാവിനെക്കുറിച്ച് ഡോക്ടര്‍ പറയുന്നതിങ്ങനെ ‘-എല്ലാ മാസവും ഒരാഴ്ച 39 കാരനായ അദ്ദേഹം മദ്യം കഴിക്കാനായി മാത്രം മാറ്റിവെയ്ക്കും.
ഒരു ലിറ്റര്‍ മദ്യം വരെ ഒരു ദിവസം അദ്ദേഹം കുടിയ്ക്കുമായിരുന്നു. അടുത്ത 3-4 ആഴ്ച അദ്ദേഹം മദ്യം കൈകൊണ്ട് തൊടില്ല. തന്റെ ജോലിയുമായി മുന്നോട്ട് പോകും,” ഡോക്ടര്‍ പറഞ്ഞു.നല്ല സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തില്‍ നിന്നുള്ളയാളായിരുന്നു ഈ യുവാവ്. അദ്ദേഹത്തിന്റെ അച്ഛനായി തുടങ്ങിവെച്ച ബിസിനസില്‍ പങ്കാളിയായിരുന്നു ഇയാള്‍.
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വളരെ ഇഷ്ടമായിരുന്നു ഇദ്ദേഹത്തെ മാസം തോറും ഇദ്ദേഹം അവര്‍ക്കായി പാര്‍ട്ടികളും സംഘടിപ്പിക്കുമായിരുന്നു. ആ സമയങ്ങളിലെല്ലാം പരമാവധി മദ്യവും ഇദ്ദേഹം അകത്താക്കിയിരുന്നു. കഴിഞ്ഞ മാസം വീടിനടുത്തുള്ള വഴിയില്‍ ഛര്‍ദ്ദിച്ച് അവശനായ നിലയില്‍ ഇദ്ദേഹത്തെ അയല്‍ക്കാര്‍ കണ്ടു.
ഉടന്‍ തന്നെ അയല്‍ക്കാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ വീടിനുള്ളിലേക്ക് എടുത്തുകിടത്തി. ശേഷം ഇയാളുടെ ബന്ധുക്കളെയും സഹോദരങ്ങളെയും വിവരം അറിയിച്ചു. എന്നാല്‍ ബോധം വന്നതിന് ശേഷം ആംബുലന്‍സില്‍ കയറാനോ ആശുപത്രിയിലേക്ക് പോകാനോ ഇദ്ദേഹം കൂട്ടാക്കിയില്ല. തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ കണ്ണുകളില്‍ അപ്പോള്‍ തന്നെ മഞ്ഞനിറം പടര്‍ന്നിരുന്നു,’ എന്നാല്‍ അന്ന് വൈകുന്നേരം തന്നെ വീണ്ടും ഇദ്ദേഹം മദ്യപിക്കാന്‍ തുടങ്ങി. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിക്കുകയും ചെയ്തു. അവരെത്തിയപ്പോഴേക്കും തനിയെ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത നിലയിലായിരുന്നു യുവാവ്. ഉടന്‍ തന്നെ അവര്‍ ഇദ്ദേഹത്തെ ഒരു കസേരയിലിരുത്തി. തനിക്ക് മദ്യം വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. സുഹൃത്തുക്കള്‍ ഒരു ഗ്ലാസ്സ് മദ്യം കൊടുക്കുകയും ചെയ്തു. ശേഷം താന്‍ ഉറങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഇദ്ദേഹം തന്റെ മുറിയിലേക്ക് പോയി. സുഹൃത്തുക്കളും തങ്ങളുടെ വീട്ടിലേക്ക് പോകുകയും ചെയ്തു.
എന്നാല്‍ പുലര്‍ച്ചെയോടെ ഇദ്ദേഹം രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഏകദേശം മൂന്ന് ലിറ്ററോളം രക്തമാണ് ഇദ്ദേഹം ഛര്‍ദ്ദിച്ചത്. ശേഷം വീടിന്റെ വരാന്തയില്‍ ബോധംകെട്ട് വീഴുകയും ചെയ്തു. ഇതു കണ്ട അയല്‍ക്കാര്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. . ഗുരുതരാവസ്ഥയിലാണ് ഇദ്ദേഹത്തെ തന്റെ അടുത്തെത്തിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം ഏകദേശം നിലച്ച അവസ്ഥയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ശ്വസിച്ചിരുന്നത്. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തി.
എന്നാല്‍ അപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നുവെന്ന് ഡോക്ടര്‍ ഫിലിപ്സ് പറഞ്ഞു. ആഴ്ചയോടെ ഇദ്ദേഹം മരണത്തിന് കീഴടങ്ങിയെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post