തിരുവനന്തപുരം: ജില്ലയിൽ ഗുണ്ടാ ആക്രമണം തുടർക്കഥയാകുന്നു. അട്ടക്കുളങ്ങരയിൽ ജ്യൂസ് കടയിലെ ജീവനക്കാരനെ ഗുണ്ടാ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. പൂജപ്പുര സ്വദേശി മുഹമ്മദലിയ്ക്കാണ് പരിക്കേറ്റത്.
അർദ്ധ രാത്രിയോടെയായിരുന്നു സംഭവം. വാഹനങ്ങളിൽ മുഹമ്മദാലി ജോലി ചെയ്യുന്ന കടയിൽ മാരകായുധങ്ങളുമായി എത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മുഹമ്മദലിയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഇയാൾ അപകടനില തരണം ചെയ്തതായാണ് വിവരം.
സംഭവത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല. തിരുവല്ലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് സംഘമാണ് മുഹമ്മദലിയെ ആക്രമിച്ചത് എന്നാണ് സൂചന. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഹമ്മദലിയ്ക്ക് കഞ്ചാവ് സംഘവുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നും സംശയമുണ്ട്. പ്രതികൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
Discussion about this post