കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ അഗ്നിബാധയിൽ കൊച്ചി നഗരത്തിലേക്കും പുക വ്യാപിക്കുന്നു. രാത്രി പത്ത് മണിയോടെ പാലാരിവട്ടത്തും കലൂർ സ്റ്റേഡിയം പരിസരത്തും അന്തരീക്ഷത്തിൽ കനത്ത പുക നിറഞ്ഞതായി നാട്ടുകാർ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ പുലർച്ചെ പുകപടലങ്ങൾ ദൃശ്യമായിരുന്നെങ്കിലും രാത്രിയിൽ ഇത്രയും പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നത് ആദ്യമായിട്ടാണെന്നും നാട്ടുകാർ പറയുന്നു.
പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ അധികൃതർ പറയുന്നുണ്ടെങ്കിലും പുകശല്യം രൂക്ഷമാകുകയാണെങ്കിൽ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഉൾപ്പെടെ സാദ്ധ്യതയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ. കാറ്റിന്റെ ഗതിയനുസരിച്ചാണ് നഗരത്തിലേക്ക് പുക വ്യാപിക്കുന്നതെന്നും ശ്വാസകോശ സംബന്ധമായ രോഗമുളളവർ സൂക്ഷിക്കണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഞായറാഴ്ചയായതിനാൽ രാവിലെ ആരാധനാലയങ്ങളിൽ പോകുന്നവരും വ്യായാമത്തിനായി പുറത്തിറങ്ങുന്നവരും പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു.
എൻ 95 മാസ്‌കുകൾ ഉപയോഗിച്ചാൽ പുക മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ ഒരു പരിധി വരെ ഒഴിവാക്കാനാകും. കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ ഉളളവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ചയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം ഉണ്ടായത്. പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും കുന്നുകൂടി കിടക്കുന്നതിനാൽ തീ ക്രമേണ പടർന്നുപിടിക്കുകയായിരുന്നു. നിലവിൽ ആറ് സെക്ടറുകളായി തിരിച്ചാണ് തീ അണയ്ക്കുന്നതിനുളള പ്രവർത്തനങ്ങൾ നടത്തുന്നത്. നാല് സെക്ടറുകളിലെ തീ അണയ്ക്കുന്നതിന് ഫയർഫോഴ്‌സിന്റെയും ഒരു സെക്ടറിലേത് നേവിയുടെയും മറ്റൊരു സെക്ടറിലേത് കൊച്ചിൻ റിഫൈനറിയുടെ ഫയർ ഫൈറ്റിംഗ് എക്യുപ്‌മെന്റുകൾ ഉപയോഗിച്ചുമാണ് അണയ്ക്കാൻ ശ്രമിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ്
അറിയിച്ചു.
രാിവലെ നേവിയുടെ ഹെലികോപ്ടറുകൾ ഉപയോഗിച്ച് മുകളിൽ നിന്ന് വെളളം സ്േ്രപ ചെയ്തിരുന്നെങ്കിലും പുക പടർന്നതിനാൽ നിലത്തുനിന്ന് തീയണയ്ക്കാൻ പരിശ്രമിച്ചുകൊണ്ടിരുന്ന അഗ്നിശമന സേനാംഗങ്ങൾക്ക് ജോലി തുടരാൻ കഴിയാതെ വന്നു. കുറച്ചുനേരം ഇവർക്ക് തീയണയ്ക്കാനുളള പ്രവർത്തനം നിർത്തിവെയ്‌ക്കേണ്ടിയും വന്നു. ഇതേ തുടർന്ന് ഹെലികോപ്ടർ ഉപയോഗിച്ച് വെളളം സ്േ്രപ ചെയ്യുന്നത് തൽക്കാലം ഒഴിവാക്കി.
നിലവിൽ തീയണയ്ക്കാൻ പരിശ്രമിക്കുന്ന 20 അഗ്നിശമന സേനായൂണിറ്റുകൾക്കൊപ്പം കൂടുതൽ യൂണിറ്റുകളെ രംഗത്തിറക്കി തീ എത്രയും പെട്ടന്ന് അണയ്ക്കാനാണ് ശ്രമം. മാലിന്യക്കൂമ്പാരത്തിന് അടിയിൽ നിന്ന് തീ പുകഞ്ഞ് പുറത്തേക്ക് വരുന്നതാണ് കൂടുതൽ വെല്ലുവിളിയാകുന്നത്.
മാലിന്യപ്ലാന്റിന് തൊട്ടടുത്തുളള പുഴയിൽ നിന്ന് വെളളം പമ്പ് ചെയ്യുന്നതിന് ആലപ്പുഴ ജില്ലയിൽ പ്രളയസമയത്ത് ഉപയോഗിച്ച ശക്തിയേറിയ മോട്ടോറുകൾ എത്തിക്കും. ബ്രഹ്മപുരത്തും ചുറ്റുപാടും ഉളളവർ അത്യാവശ്യ സാഹചര്യമല്ലെങ്കിൽ വീടിനുളളിൽ തന്നെ കഴിച്ചുകൂട്ടണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചിരുന്നു.
വിഷയത്തിൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതി വിലിയിരുത്തിയിരുന്നു. പുക മൂലം ജനങ്ങൾക്കും അഗ്നിശമന സേനാംഗങ്ങൾക്കും ബുദ്ധിമുട്ട് അനുഭവപ്പെടാനുളള സാഹചര്യം മുന്നിൽകണ്ട് ഇതിനായി ജനറൽ ആശുപത്രിയിലും ഹെൽത്ത് സെന്ററുകളിലും പ്രത്യേകം സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Discussion about this post