ചെന്നൈ: തമിഴ് ഹാസ്യതാരം മയിൽ സ്വാമി അന്തരിച്ചു. 57 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്. 200 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
രാവിലെ ഉറങ്ങിയെഴുന്നേറ്റ ശേഷം അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് മയിൽ സ്വാമിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
39 വർഷക്കാലം സിനിമാ രംഗത്ത് ഉണ്ടായിരുന്ന മയിൽ സ്വാമി ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്. 1984 ൽ ഭാഗ്യരാജ് നായകനായ ധാവണി കനവുകൾ ആയിരുന്നു ആദ്യ ചിത്രം. ഇതിന് ശേഷം ചെറുതും വലുതുമായി നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തു. 1989 ൽ അപൂർവ്വ സഹോദർഗൾ എന്ന ചിത്രത്തിൽ കമലഹാസനൊപ്പം പ്രധാന വേഷത്തിൽ അഭിനയിച്ചു. 1990 ൽ പുറത്തിറങ്ങിയ രജനി ചിത്രം പണക്കാരനിലും അദ്ദേഹം ശ്രദ്ധേയ വേഷത്തിലെത്തി. ധൂൾ, വസീഗര, ഗില്ലി, ഉത്തമപുത്രൻ, കാഞ്ചന, വീരം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങൾ.
Discussion about this post