തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ ആത്മകഥയുടെ പേര് നിയമസഭയിൽ തെറ്റായി പറഞ്ഞ് മന്ത്രി എംബി രാജേഷ്. സത്യാന്വേഷണപരീക്ഷണങ്ങൾ എന്നതിന് പകരം കുറ്റാന്വേഷണ പരീക്ഷണം എന്നായിരുന്നു എംബി രാജേഷ് പറഞ്ഞത്. ഇത് കേട്ട ഭരണപക്ഷം മന്ത്രിയെ തിരുത്തുന്നതിന് പകരം കയ്യടിച്ചു.
ഇന്നലെ സഭയിൽ ലൈഫ് മിഷൻ കോഴക്കേസ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയായിരുന്നു രാജേഷിന്റെ പരാമർശം. ലൈഫ് മിഷൻ കോഴക്കേസിൽ ഇഡി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെക്കുറിച്ച് പരാമർശിച്ചിട്ടുള്ളതായി പ്രതിപക്ഷം പറഞ്ഞിരുന്നു. ഇതിനോട് വൈകാരികമായി പ്രതികരിക്കുമ്പോഴായിരുന്നു അബദ്ധം പിണഞ്ഞത്.
‘ഇഡിയുടെ റിമാൻഡ് റിപ്പോർട്ടാണ് കേരളത്തിലെ കോൺഗ്രസിന്റെ വേദവാക്യം’. ‘ഗാന്ധിജിയുടെ കുറ്റാന്വേഷണ പരാമർശങ്ങളല്ല, ഇഡിയുടെ കുറ്റാന്വേഷണ പരീക്ഷണങ്ങളാണ് ഇവർക്കിപ്പോൾ വേദവാക്യം’ എന്നായിരുന്നു രാജേഷ് പറഞ്ഞത്. ഇത് കേട്ടതും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കയ്യടിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭയിൽ ബഹളംവച്ചു. ഗാന്ധിയെ പോലും ഇവർക്ക് സഹിക്കാൻ പറ്റുന്നില്ല എന്നായിരുന്നു ഇതിനോട് രാജേഷ് പ്രതികരിച്ചത്. ഇതിനിടെ മന്ത്രി പി രാജീവ് സത്യാന്വേഷണ പരീക്ഷണമാണെന്ന് പറഞ്ഞ് രാജേഷിനെ തിരുത്താൻ ശ്രമിച്ചു. മനപ്പൂർവ്വം പറഞ്ഞതാണെന്നായിരുന്നു ഇതിന് രാജേഷ് മറുപടി നൽകിയത്.
അതേസമയം ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ എംഎൽഎമാർ പരസ്പരം പോരടിക്കുന്നതായിരുന്നു സഭയിൽ കാണാൻ കഴിഞ്ഞത്. ബഹളത്തെ തുടർന്ന് സഭ നിർത്തിവയ്‌ക്കേണ്ട സാഹചര്യവും ഉണ്ടായി.
Discussion about this post