പാലക്കാട്: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ -ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിന് കാണികൾ കുറഞ്ഞതിന് കാരണം സർക്കാർ വിനോദ നികുതി കൂട്ടിയതുകൊണ്ടാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തദ്ദേശ മന്ത്രി എംബി രാജേഷ്. യഥാർത്ഥത്തിൽ ചുമത്തേണ്ടിയിരുന്ന 24 ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി നികുതി കുറയ്ക്കുകയാണ് സർക്കാർ ചെയ്തതെന്നും മന്ത്രി പറഞ്ഞു.
വിഷയത്തിൽ സർക്കാരിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രചാരണം ശക്തമായതോടെയാണ് മുഖം രക്ഷിക്കാൻ മന്ത്രിയുടെ വിശദീകരണം. കേരള ലോക്കൽ അതോറിറ്റീസ് എന്റർടെയ്ന്റ്‌മെന്റ് ആക്ടിലെ സെക്ഷൻ മൂന്ന് പ്രകാരം 24 മുതൽ 48 ശതമാനം വരെ നികുതി ഇത്തരം കളികൾക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് ചുമത്താം.
ഡിസംബർ 13നാണ് കോർപറേഷനിൽ വിനോദനികുതി സംബന്ധിച്ച് അപേക്ഷ ലഭിച്ചത്. കോർപറേഷൻ നികുതി 24% മായി നിശ്ചയിച്ചു. ഡിസംബർ 23ന് കെസിഎ സർക്കാരിൽ അപ്പീൽ നൽകി. താൻ നേരിട്ട് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുമായും കോർപ്പറേഷൻ അധികൃതരുമായും സംസാരിച്ച് ഇരുകൂട്ടരുടെയും സമ്മതത്തോടെയാണ് 24 ശതമാനം 12 ശതമാനമാക്കി കുറച്ചതെന്ന് മന്ത്രി പറഞ്ഞു.
സെപ്തംബറിൽ നടന്ന ട്വന്റി 20 മത്സരത്തിന് നികുതി അഞ്ച് ശതമാനമാക്കി കുറച്ച് കൊടുത്തത് കോവിഡ് സാഹചര്യത്തിന് ശേഷം നടന്ന ആദ്യ മത്സരമായതിനാലാണ്. മത്സരത്തിനായി ഗ്രൗണ്ടും സ്‌റ്റേഡിയവും സജ്ജമാക്കാൻ കെസിഎയ്ക്ക് കുറച്ച് ബാദ്ധ്യതകൾ വഹിക്കേണ്ടി വന്നതും അന്ന് പരിഗണിച്ചതായി മന്ത്രി പറഞ്ഞു. അതേ ഇളവ് ഇത്തവണ വേണമെന്ന് ക്രിക്കറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടില്ല.
ഇതിന് മുൻപും 24 ശതമാനം ചുമത്തിയിട്ടുണ്ട്. 2019 ൽ ഡിസംബറിൽ ഇന്ത്യ -വെസ്റ്റിൻഡീസ് മത്സരം നടന്നപ്പോൾ കോർപ്പറേഷൻ 48 ശതമാനമാണ് നികുതി ആവശ്യപ്പെട്ടത്. സർക്കാരിന് ലഭിച്ച അപേക്ഷ പരിഗണിച്ച് അന്ന് 24 ശതമാനമാക്കി ചുരുക്കി. കായികമന്ത്രി അബ്ദുറഹ്മാന്റെ വിവാദ പ്രസ്താവനയെക്കുറിച്ച് ചോദിച്ചെങ്കിലും ഇതിൽ കൂടുതൽ വിശദീകരണത്തിന് എംബി രാജേഷ് തയ്യാറായില്ല. മന്ത്രിയുടെ പ്രസ്താവനയോട് വിയോജിച്ചാണെങ്കിൽ ആള് കയറുകയല്ലേ ചെയ്യുകയെന്ന് മാത്രമായിരുന്നു പ്രതികരണം.
എന്ത് കിട്ടിയാലും സർക്കാരിനെതിരെ ആയുധമാക്കുക എന്ന സമീപനമാണ് സ്വീകരിക്കുന്നത്. എല്ലാ പരിധിയും വിട്ട സർക്കാർ വിരുദ്ധ പ്രചാരവേലയാണ് മാദ്ധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. പരമ്പരയുടെ ഫലം നേരത്തെ തീരുമാനിക്കപ്പെട്ടതുൾപ്പെടെയുളള പല ഘടകങ്ങൾ കാണികൾ കുറയാൻ കാരണമായെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തിൽ സ്റ്റേഡിയത്തിന്റെ മുക്കാൽ ഭാഗവും കാലിയായിരുന്നു. കാണികൾ കുറഞ്ഞത് ക്രിക്കറ്റ് താരം യുവരാജ് സിംഗ് ഉൾപ്പെടെ പരാമർശിക്കുകയും ചെയ്തിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ സംഭവത്തിൽ വലിയ ചർച്ചകളാണ് നടന്നത്. പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകണ്ട എന്ന മന്ത്രി അബ്ദുറഹ്മാന്റെ പരാമർശത്തെ ട്രോളിയായിരുന്നു ചർച്ചകൾ.
Discussion about this post