തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ പാൽ വില വർദ്ധിപ്പിച്ച മിൽമയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പച്ചക്കവറിലെ റിച്ച് പാലിന്റെ വില വർദ്ധന മാത്രം പിൻവലിക്കാൻ തീരുമാനം. വില വർദ്ധനയിൽ ജനരോഷം ശക്തമായതിനെ തുടർന്ന് സർക്കാർ വിശദീകരണം തേടിയിരുന്നു. ഇതിനൊടുവിലാണ് തീരുമാനം.
അതേസമയം കൂടുതൽ ആളുകളും ഉപയോഗിക്കുന്ന മഞ്ഞക്കവർ പാലിന്റെ കൂട്ടിയ വിലയിൽ മാറ്റമില്ല. മന്ത്രി ജെ ചിഞ്ചുറാണിയാണ് ഇക്കാര്യം അറിയിച്ചത്.
പച്ച കവർ പാലിന് (മിൽമ റിച്ച്) ലിറ്ററിന് രണ്ട് രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ അര ലിറ്റർ കവറിന്റെ വില 29 ൽ നിന്ന് 30 ലെത്തി. വർദ്ധന പിൻവലിച്ചതോടെ അര ലിറ്റർ പാലിന് വില 29 ആയി തുടരും. ഡബിൾ ടോൺഡ് മിൽക്ക് മിൽമ സ്മാർട്ടിന്റെ വില വർദ്ധന പിൻവലിച്ചിട്ടില്ല. ഇതിനും ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്.
മിൽമയുടെ 3 മേഖല യൂണിയൻ ചെയർമാൻമാരും എംഡിയുമായി നടത്തിയ ചർച്ചയിലാണ് സർക്കാരിന് വിശദീകരണം നൽകിയതെന്നും ഡിസംബർ 22 ന് പാൽ വില വർദ്ധനവ് സംബന്ധിച്ച് സർക്കാരിനെ അറിയിച്ച തീരുമാനത്തിന് വിരുദ്ധമായിട്ടാണ് റിച്ച് – സ്റ്റാൻഡൈഡ് പാലിന്റെ വില കൂട്ടിയതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ 4 രൂപ മാത്രം വർദ്ധനവ് വരുത്തിയ വില ലിറ്ററിന് 2 രൂപ കൂട്ടി ഏകീകരിച്ച നടപടി തുടരുമെന്നാണ് മിൽമയുടെ നിലപാട്. കഴിഞ്ഞ ഡിസംബറിൽ പാലിന് ആറ് രൂപ വർദ്ധിപ്പിച്ചിരുന്നു. മാത്രമല്ല വില വർദ്ധിപ്പിക്കാൻ മിൽമ സർക്കാരിന്റെ അനുമതി തേടിയിരുന്നുമില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് മിൽമയോട് വർദ്ധന പിൻവലിക്കാൻ നിർദ്ദേശിച്ചത്.
Discussion about this post