ഇടുക്കി: ശാന്തൻപാറ-ചിന്നക്കനാൽ മേഖലയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി കൂടുതൽ കുങ്കിയാനകൾ ഇന്ന് സ്ഥലത്ത് എത്തും. രണ്ട് കുങ്കിയാനകളാണ് വയനാട്ടിൽ നിന്നും എത്തുക. ഇന്നലെ വൈകീട്ട് ആനകൾ വയനാട്ടിൽ നിന്നും ഇടുക്കിയിലേക്ക് യാത്ര തിരിച്ചിരുന്നു.
കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയാണ് എത്തിക്കുന്നത്. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യമായ മിഷൻ അരിക്കൊമ്പന് വേണ്ടി നാല് കുങ്കി ആനകളെയാണ് ഉപയോഗിക്കുന്നത്. ഇതിൽ രണ്ട് കുങ്കി ആനകൾ ഇതിനോട് അകം തന്നെ എത്തിയിട്ടുണ്ട്. സൂര്യ, വിക്രം എന്നീ ആനകളെയാണ് ദൗത്യത്തിനായി എത്തിച്ചിട്ടുള്ളത്. ഇവയെ സിമന്റ് പാലത്തിന് സമീപമുള്ള ദൗത്യ മേഖലയിൽ കെട്ടിയിട്ടുണ്ട്.
നിലവിൽ അരിക്കൊമ്പനെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അഞ്ച് അംഗ സംഘത്തെയാണ് ഇതിനായി വനംവകുപ്പ് നിയോഗിച്ചിരിക്കുന്നത്. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഹൈക്കോടതി ഇടപെട്ട് തടഞ്ഞെങ്കിലും ഇതിനായുള്ള തുടർ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ചിന്നക്കനാലിലെ ജനങ്ങളെ ബോധവത്കരിക്കുന്ന പ്രവർത്തനങ്ങൾ ആംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊന്നും അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതേസമയം കോടതി വിധിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.
Discussion about this post