ഇടുക്കി:അരിക്കൊമ്പനെ പിടികൂടുന്നത് തടഞ്ഞ കോടതി ഉത്തരവിന് പിന്നാലെ പരിഹാസവുമായി എംഎം മണി എംഎൽഎ. സ്വന്തമായി വക്കീലൊക്കെയുള്ള വല്യ പുള്ളിയാണ് അരിക്കൊമ്പനെന്ന് മണി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മണിയുടെ പ്രതികരണം.
സ്വന്തമായി വക്കീലൊക്കെ ഉള്ളയാളാണ്. വല്യ പിടിപാടുള്ള കക്ഷിയാണ് . 11 പേരെ കൊന്ന കക്ഷിയാണ് .പക്ഷേ കക്ഷിയോടുള്ള ബഹുമാനം കൂടിയത് കൊണ്ടാവണം കേസ് ജയിച്ചിട്ടും വക്കീൽ ഫീസ് ചോദിക്കാൻ വരാറില്ല- മണി ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് പീപ്പിൾസ് ഫോർ അനിമൽസ് എന്ന സംഘടനയുടെ ആവശ്യപ്രകാരം അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിൽ ഹൈക്കോടതി ഇടപെട്ടത്. നേരത്തെയുള്ള തീരുമാനപ്രകാരം നാളെ അരിക്കൊമ്പനെ പിടികൂടാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. എന്നാൽ ഈ മാസം 29 വരെ ദൗത്യം നീട്ടണം എന്നായിരുന്നു കോടതിയുടെ ഉത്തരവ്. അന്നേ ദിവസം കോടതി ഹർജി വീണ്ടും പരിഗണിക്കും. അരിക്കൊമ്പനെ പിടികൂടി കുങ്കിയാന ആക്കാതെ മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് പീപ്പിൾസ് ഫോർ അനിമൽസ് കോടതിയെ സമീപിച്ചത്.
അതേസമയം ഹൈക്കോടതിയുടെ ഇടപെടലിൽ വലിയ ജനരോഷമാണ് ഉയരുന്നത്. നിലവിൽ നിരന്തരമായ ആക്രമണത്തിലൂടെ ചിന്നക്കനാൽ- ശാന്തൻപാറ നിവാസികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ് അരിക്കൊമ്പൻ. സൈ്വര്യമായ ജീവിക്കാൻ ആനയെ പിടികൂടണം എന്ന ആവശ്യം ശക്തമായി ആളുകൾ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആനയെ പിടികൂടാൻ തീരുമാനിച്ചത്. ഇതിനായുള്ള ദൗത്യ സംഘം പ്രദേശത്ത് നിലയുറപ്പിച്ചു കഴിഞ്ഞു.
Discussion about this post