ഇറാൻ പാക് അധീനപ്രദേശങ്ങളിൽ നടത്തിയ അപ്രതീക്ഷിത ആക്രമണങ്ങളിൽ ഞെട്ടിയിരിക്കുകയാണ് ലോകം. ഞൊടിയിടയിൽ പാകിസ്താന്റെ തിരിച്ചടിയും ഉണ്ടായി. ഈ അവസരത്തിൽ, പ്രകോപനമൊന്നുമില്ലാതെ അയൽക്കാരായ രണ്ട് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ തമ്മിൽ എന്തിന് ഈ ആക്രമണ പ്രത്യാക്രമണങ്ങൾ ഉണ്ടായെന്ന സംശയം ഉണ്ടാവുന്നത് സ്വാഭാവികമാണ്. കാലങ്ങളായി ഉണ്ടായിരുന്ന പുകച്ചിലാണ് ഇപ്പോൾ പൊട്ടിത്തെറിയായി രൂപാന്തരം പ്രാപിച്ചത് എന്നതാണ് ഇതിന്റെ ഉത്തരം.
നമുക്ക് സുഹൃത്തുക്കളെ മാറ്റാൻ കഴിയും, പക്ഷേ നമ്മുടെ അയൽക്കാരെ മാറ്റാൻ കഴിയില്ല,’ മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പറഞ്ഞത് പോലെ, ഇസ്ലാമിക രാജ്യമാണെങ്കിലും പണ്ടേയ്ക്ക് പണ്ടേ ഇറാന് പാകിസ്താനോട് ഇഷ്ടക്കുറവുണ്ട്. എത്ര തിരിച്ചടി കിട്ടിയാലും ഭീകരതയ്ക്ക് പാലൂട്ടി വളർത്തുന്ന പാക് നയം തന്നെയാണ് ഇറാന്റെ ഈ അനിഷ്ടത്തിൻ്റെ പ്രധാന കാരണം.
ഇന്ത്യയെയും ചെെനയെയും കൂടാതെ ഇസ്ലാമിക രാജ്യങ്ങളായ അഫ്ഗാനിസ്ഥാനുമായും ഇറാനുമായും അതിർത്തി പങ്കിടുന്ന രാജ്യമാണ് പാകിസ്താൻ. അഫ്ഗാനിസ്ഥാനും പാകിസ്താനെപ്പോലെ സുന്നി ഭൂരിപക്ഷ രാജ്യമാണെങ്കിലും ഇറാൻ ഷിയാ ഭൂരിപക്ഷ രാജ്യമാണ് എന്നതാണ് വ്യത്യാസം.ഇസ്ലാമിലെ രണ്ട് പ്രധാന വിഭാഗങ്ങളായ സുന്നിയും ഷിയയും ഇസ്ലാമിന്റെ മിക്ക അടിസ്ഥാന വിശ്വാസങ്ങളെയും ആചാരങ്ങളെയും അംഗീകരിക്കുന്നുണ്ടെങ്കിലും, രണ്ട് ഗ്രൂപ്പുകൾക്കിടയിലുള്ള കടുത്ത വിഭജനം ”ഏതാണ്ട് 14 നൂറ്റാണ്ടുകൾ” പഴക്കമുള്ളതാണ്. പ്രവാചകൻ മുഹമ്മദിന്റെ പിൻഗാമിയാരാണെന്ന തർക്കത്തിലാണ് ഭിന്നത ഉടലെടുത്തത്. കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിന്റെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള മുസ്ലീങ്ങളിൽ 85% സുന്നികളും 15% ഷിയാക്കാരുമാണ്. ഇറാൻ, ഇറാഖ്, ബഹ്റൈൻ, അസർബൈജാൻ എന്നിവിടങ്ങളിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ലെബനനിലെ ബഹുഭൂരിപക്ഷവും ഷിയകളെ പ്രതിനിധീകരിക്കുമ്പോൾ, മൊറോക്കോ മുതൽ ഇന്തോനേഷ്യ വരെയുള്ള 40-ലധികം രാജ്യങ്ങളിൽ സുന്നികളാണ് ഭൂരിപക്ഷം.
കൂടാതെ വർഷങ്ങളായി, പാകിസ്താനും ഇറാനും പങ്കിടുന്ന 904 കിലോമീറ്റർ അതിർത്തിയിലുള്ള പ്രദേശം മയക്കുമരുന്ന് കടത്തിന്റേയും തീവ്രവാദത്തിന്റേയും കേന്ദ്രമാണ്. ഈ മേഖലയിലാവട്ടെ പാകിസ്താന്റെ മൗനാനുവാദത്തോടെ വിഘടനവാദം വളർത്തുന്നത് ജെയ്ഷ് അൽ അദ്ൽ അഥവാ നീതിയുടെ സൈന്യം എന്നർത്ഥം വരുന്ന ഭീകരസംഘടനയും. സ്വതന്ത്ര ബലൂചിസ്ഥാന് വേണ്ടി വാദിക്കുന്ന സുന്നി മുസ്ലീം തീവ്രവാദിഗ്രൂപ്പാണ് ജെയ്ഷ് അൽ അദ്ൽ. ഇറാൻ്റെ അധീനതയിലുള്ള സിസ്താന്‍ ബലുചിസ്താനിലും ഇവർക്ക് കണ്ണുണ്ട്. 2004-മുതല്‍ ഇറാനില്‍ നിന്ന് സ്വാതന്ത്രം വേണമെന്ന് ആവശ്യപ്പെട്ട് ബലൂചിസ്താന്‍ വിഘടനവാദികള്‍ സായുധ പോരാട്ടം നടത്തുന്നുണ്ട്. 2002-ല്‍ രൂപീകരിച്ച ‘ജുന്‍ദല്ല’യാണ് സായുധ നീക്കങ്ങള്‍ വലിയതോതില്‍ വ്യാപിപ്പിച്ചത്. ഇവരുടെ നേതാവ് അബ്ദുള്‍ മാലേക് രിഗിയെ ഇറാന്‍ പിടികൂടുകയും 2010-ല്‍ വധിക്കുകയും ചെയ്തു. റിഗിയെ ഇറാൻ കൊലപ്പടുത്തിയതോടെയാണ് ജെയ്ഷ് അൽ-അദ്ൽ ഇറാനെതിരെ തിരിഞ്ഞത്. ഇസ്ലാമിലെ സുന്നി-ഷിയ വിഭാഗീയതയും ഇതിന് വളമായി.
റിഗിയെ വധിച്ചതിന് ശേഷം ജുൻദല്ലയിൽ നിന്ന് ഉയർന്നുവന്ന നിരവധി പിളർപ്പ് സംഘടനകളിൽ ഒന്നാണ് ജെയ്ഷ്-അൽ-അദ്ൽ. 2013 ൽ 14 ഇറാനിയൻ റെവല്യൂഷനറി ഗാർഡുകളെ കൊലപ്പെടുത്തിയതോടെയാണ് ലോകം ഇവരെ കുറിച്ച് ചർച്ച ചെയ്ത് തുടങ്ങിയത്. പാക് ബലൂചിസ്താന്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. സവാവുദീന്‍ ഫാറൂഖി ആണ് ഈ സംഘടനയുടെ നിലവിലെ നേതാവ്. ഗറില്ല യുദ്ധമുറകളാണ് ജെയ്ഷ് അൽ അദ്ൽ സ്വീകരിച്ചുവരുന്നത്. രൂപീകരണത്തിനു ശേഷം മുതൽ ഇന്നുവരെ ഇറാനിയൻ സൈനികരെയും അധികൃതരെയുമാണ് പ്രധാനമായും ജെയ്ഷ് അൽ അദ്ൽ ലക്ഷ്യം വയ്ക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി സംഘടനയ്‌ക്കെതിരെ കർശന നടപടി എടുക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടെങ്കിലും പാകിസ്താൻ എന്നത്തേയും പോലെ കൈമലർത്തി.
2014ൽ ഇറാൻ സൈനികരെ തട്ടിക്കൊണ്ടുപോയ അൽ അദ്ലിന്റെ നടപടി, ഇറാനെ പാകിസ്താൻ അതിർത്തി കടന്നുള്ള സൈനിക നീക്കത്തിന് പ്രേരിപ്പിച്ചു.ഇറാനിലെ സിസ്താൻ-ബലൂചിസ്താൻ പ്രവിശ്യയിൽ കഴിഞ്ഞമാസം ഇവർ ഒരു പോലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. ഈ ആക്രമണത്തിൽ 11 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇതാണ് ഇറാന്റെ പെട്ടെന്നുള്ള നടപടിക്ക് കാരണമായത് എന്നാണ് വിലയിരുത്തൽ. എന്തായാലും ഇറാനും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം ലോകം ആശങ്കയോടെ തന്നെയാണ് കാണുന്നത്. ഇരു രാജ്യങ്ങളെയും പിന്തുണച്ച് രാജ്യങ്ങൾ മാത്രമല്ല തീവ്രവാദസംഘടനകളും എത്തുമെന്നതിനാൽ അപകടസാധ്യത ഏറും.













Discussion about this post