കൊച്ചി : നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് എതിരായി ഹൈക്കോടതിയിലും നാഷണൽ കമ്പനി ലോ ട്രിബ്യൂണലിലും ഹർജി. 2013 ഇൽ പാർലമെന്റ് പാസ്സാക്കിയ കമ്പനീസ് ആക്ടിന്റെ പൂർണമായ ലംഘനമാണ് സുകുമാരൻ നായർ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാരോപിച്ചാണ് ഹർജി.
ഹർജിയിൽ സുകുമാരൻ നായർക്ക് എതിരെ അഴിമതി, സ്വജനപക്ഷപാതം, ധൂർത്ത് തുടങ്ങി ഗുരുതര ആരോപണങ്ങൾ ആണ് ഉള്ളത് , ഇതേ ആരോപണങ്ങൾ ഉന്നയിച്ച് എൻ എസ് എസ് മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളും താലൂക്ക് യൂണിയൻ പ്രസിഡന്റുമാരും അടക്കം കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തിയെങ്കിലും പ്രമുഖ മാധ്യമങ്ങൾ എല്ലാം വാർത്ത മുക്കുകയായിരുന്നു. അതിനു കാരണവും സുകുമാരൻ നായർ തന്റെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി പല മുൻനിര മാധ്യമങ്ങളുടെയും തലപ്പത്തിരിക്കുന്ന പലരുടെയും ഭാര്യമാർക്കും മക്കൾക്കും ബന്ധുജനങ്ങൾക്കും എൻ എസ് എസ് സ്ഥാപനങ്ങളിൽ അനധികൃതമായി നിയമനം നൽകിയതുകൊണ്ടാണ് എന്നാണ് ആരോപണം.
കന്യാകുമാരിയിലെ കോടികൾ വിലമതിക്കുന്ന നായർ സർവീസ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം പോലും സുകുമാരൻ നായർ വിറ്റു മുടിച്ചു എന്നാണ് ആരോപണം. കഴിഞ്ഞ കുറെ വർഷങ്ങളായി ഒരുതരത്തിലും പുരോഗതിയിലേക്കു നായർ സർവീസ് സൊസൈറ്റിയെ നയിക്കാൻ സുകുമാരൻ നായർക്ക് കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല മന്നത്ത് ആചാര്യൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത സ്വത്തുവകകൾ പലതും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി വിറ്റു തുലയ്ക്കുകയും ചെയ്തു. സുകുമാരൻ നായരുടെ കുടുംബത്തിൽ എൻ എസ് എസ് സ്ഥാപനങ്ങളിൽ ജോലി ഇല്ലാത്തത്
വിരലിൽ എണ്ണാവുന്ന ആളുകൾക്ക് മാത്രം ആണ്.
നായർ സർവീസ് സൊസൈറ്റിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം നിരവധി സ്ഥാപനങ്ങൾ ഉണ്ടെങ്കിലും സമുദായ അംഗങ്ങളുടെ മക്കൾ വിദ്യാഭ്യാസത്തിനും ജോലിക്കുമായി മറ്റു സ്ഥാപനങ്ങളെയാണ് പലപ്പോഴും ആശ്രയിക്കേണ്ടി വരുന്നത്. ഇത് സമുദായ അംഗങ്ങൾക്കിടയിൽ സുകുമാരൻ നായരോടുള്ള അമർഷം വർധിപ്പിക്കുന്നതിനും കാരണം ആയിട്ടുണ്ട്.
ചരിത്രത്തിൽ നേരിട്ടിട്ടില്ലാത്ത തരം പ്രതിസന്ധിയാണ് സുകുമാരൻ നായർ ഇപ്പോൾ നേരിടുന്നത്. കമ്പനീസ് ആക്ട് പ്രകാരമുള്ള 14 ഓളം നിയമങ്ങളുടെ ലംഘനമാണ് സുകുമാരൻ നായർ നടത്തിയിരിക്കുന്നതെന്നാണ് ആരോപണം.
എന്നാൽ കേസിനാസ്പദമായ ആരോപണങ്ങൾക്ക് ഒന്നും മറുപടി നൽകാതെ ഈ വിഷയത്തോട് വൈകാരികമായി മാത്രം ആണ് സുകുമാരൻ നായർ പ്രതികരിച്ചിട്ടുള്ളത്. കഴിവുള്ളവരെയും തന്റെ ചൊല്പടിക്ക് നിൽക്കാത്തവരെയും സുകുമാരൻ നായർ ഡയറക്ടർ ബോർഡിലോ യൂണിയൻ പ്രസിഡന്റുമാരായോ വെക്കാറില്ലെന്ന് പരാതിക്കാർ പറയുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രജിസ്ട്രാർ ആയിരുന്ന പി എൻ സുരേഷിന്റെ രാജി എഴുതി വാങ്ങിച്ചതെന്നാണ് ആരോപണം .
സുകുമാരൻ നായർക്ക് എതിരായി നടത്തിയ പത്ര സമ്മേളനത്തിൽ മുൻ എൻഎസ്എസ് വൈസ് പ്രസിഡണ്ടും രജിസ്ട്രാറും ആയിരുന്ന പ്രൊ. വി പി ഹരിദാസ്,മുൻ ഡയറക്ടർ ബോർഡ് അംഗം ഡോ സി ആർ വിനോദ് കുമാർ, മന്നത്ത് പത്മനാഭന്റെ കൊച്ചുമകൻ ശ്രീ ശങ്കർ മന്നത്ത് തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post