കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം കാറിന് തീപിടിച്ച് പൂർണ്ണ ഗർഭിണിയായ ഭാര്യയും ഭർത്താവും വെന്തുമരിച്ചതിന്റെ ഞെട്ടലിലാണ് നാട്. ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഇവരുടെ കാറിന് തീപ്പിടിച്ചത്. മുൻസീറ്റിലിരുന്ന ഭർത്താവിനെയും ഭാര്യയെയും ആർക്കും രക്ഷിക്കാനായില്ല. കാറിന്റെ പിൻസീറ്റിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മാതാപിതാക്കൾ, ഇളയമ്മ, മൂത്തമകൾ എന്നിവർ രക്ഷപെട്ടിരുന്നു. നടുറോഡിൽ കാർ കത്തിയമരുമ്പോൾ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലായിരുന്നു നാട്ടുകാരും.
എന്നാലിത് ഒറ്റപ്പെട്ട സംഭവമല്ല. വാഹനത്തിന് തീപ്പിടിക്കുന്ന സംഭവങ്ങൾ സമീപകാലത്ത് വർദ്ധിച്ചുവരികയാണ്. തീപിടിക്കുന്ന വാഹനങ്ങളിൽ 80 ശതമാനവും കാറും ഇരുചക്ര വാഹനങ്ങളുമാണ്. ഇതിന്റെ പ്രധാന കാരണമായി കരുതുന്നത് ഇന്ധന ചോർച്ചയും. ഇന്ധന ടാങ്കിൽ നിന്ന് എഞ്ചിനിലേക്കുള്ള റബർ പൈപ്പിൽ നിന്നാണ് ഇന്ധനം ചോരുന്നത്. ഇതിന് കാരണം ഈ പൈപ്പ് തുരക്കുന്ന ചെറുവണ്ടുകളാണെന്നാണ് കണ്ടെത്തൽ. വാഹനങ്ങളിൽ നിന്ന് ഇന്ധനംചോരുന്നത് വിശദീകരിച്ചുകൊണ്ട് പ്രമോദ് നെട്ടൂർ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
എത്ര ഇന്ധനം അടിച്ചാലും വാഹനത്തിന് മൈലേജ് വളരെ കുറവായിരുന്നുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പ്രമോദ് നെട്ടൂർ പറയുന്നത്. ഇന്ധനം പെട്ടന്ന് തീർന്നുവന്നു. മാരുതി വർക്ക് ഷോപ്പിൽ കൊണ്ടുപോയി ഇന്ധന ടാങ്ക് അഴിച്ച് ക്ലീൻ ചെയ്തു പ്രശ്‌നത്തിന് പരിഹാരമായില്ല. ഇത് കൂടാതെ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ പെട്രോളിന്റെ ഗന്ധവും വർദ്ധിച്ചുവന്നു.
കണ്ണൂർ ടൗണിലെത്തി സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞു. വണ്ടി സ്റ്റാർട്ട് ചെയ്ത് ആക്‌സിലറേറ്റർ കൊടുക്കാൻ സുഹൃത്ത് നിർദ്ദേശിച്ചു. അപ്പോഴാണ് യാഥാർത്ഥ്യം തിരിച്ചറിഞ്ഞത്. ചെറു പൈപ്പിൽ നിന്നെന്ന പോലെ വണ്ടിയുടെ വലതു സൈഡിൽ പിൻ ഭാഗത്ത് പെട്രോൾ ഒഴുകുന്നു. ഇന്ധന ടാങ്കിൽ നിന്ന് എഞ്ചിനിലേക്കുള്ള റബർ പൈപ്പിൽ നിന്നാണ് പെട്രോൾ ചോരുന്നത്.
തുടർന്ന് വാഹനം നേരെ വർക്ക് ഷോപ്പിലെത്തിച്ചു. ഇന്ധന ടാങ്കിൽ നിന്നുള്ള റബ്ബർ പൈപ്പ് ചെറിയ ഇനം വണ്ടുകൾ തുരക്കുന്നതാണ് ഇതിന് കാരണമെന്നാണ് വർക്ക് ഷോപ്പിലെ ജീവനക്കാർ പറഞ്ഞത്. ഇത്തരത്തിൽ നിരവധി വാഹനങ്ങൾ അവിടെ എത്തുന്നതായും അവർ പറഞ്ഞു. പെട്രോളിലെ എഥനോളിന്റെ ഗന്ധം ആകർഷിച്ചെത്തുന്ന ചെറു വണ്ടുകളാണ് പൈപ്പ് തുരക്കുന്നത്. ഇതിനെ പ്രതിരോധിക്കുന്ന പൈപ്പുകൾ ഇടുക മാത്രമാണ് പ്രതിവിധി. ഗ്യാസ് സിലിണ്ടറിനെയും സ്റ്റൗവിനേയും ബന്ധിപ്പിക്കുന്ന നല്ലയിനം പൈപ്പ് ഘടിപ്പിച്ചാണ് തന്റെ കാറിന്റെ പ്രശ്‌നം പരിഹരിച്ചത് എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.
ഇത്തരം അപകടങ്ങൾ നിരന്തരം സംഭവിക്കുന്നുണ്ടെങ്കിലും വാഹന കമ്പനികൾ ഇത് പഠന വിധേയമാക്കുകയോ, പ്രതിരോധ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഈ ചെറുവണ്ടുകളെ പ്രതിരോധിക്കാൻ വാഹന കമ്പനികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇനിയും ഏറെ ജീവനുകൾ നിരത്തിൽ ചാമ്പലാകും. ലക്ഷങ്ങൾ വില കൊടുത്തു വാങ്ങുന്ന കാറിലെ സുപ്രധാനമായ കാര്യത്തിന് ഒരു പ്രാണിയെ പോലും പ്രതിരോധിക്കാൻ കഴിയാത്ത ഗുണനിലവാരം കുറഞ്ഞ റബർ പൈപ്പ് ഉപയോഗിക്കുന്നത് ശരിയല്ല.
വാഹനം ഓടിക്കുന്നതിന് മുമ്പ് സ്റ്റാർട്ട് ചെയ്ത് നന്നായി ആക്‌സിലറേറ്റർ കൊടുത്താൽ ഈ പ്രശ്‌നം കണ്ടെത്താനാകും. രൂക്ഷമായ പെട്രോൾ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇന്ധനചോർച്ച ഏറെക്കുറെ ഉറപ്പിക്കാം. പൈപ്പിലെ ദ്വാരം വലുതാണെങ്കിൽ പുറത്തേക്ക് എണ്ണ ഒഴുകിയിറങ്ങുമെന്നും യാത്രയ്ക്ക് മുൻപ് ഇത്തരം കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം –
യാത്രക്കാരെ കൊല്ലുന്ന ഇന്ധനചോർച്ച …
കണ്ണൂർ ജില്ലാ ആസ്പത്രിക്ക് സമീപം കാറിന് തീപ്പിടിച്ച്ഗർഭിണിയായ ഭാര്യയും ഭർത്താവും വെന്തുമരിച്ച വാർത്ത മനസ് മരവിപ്പിക്കുന്നതാണ്.
വാഹനത്തിന് തീപ്പിടിക്കുന്ന സംഭവങ്ങൾ സമീപകാലത്ത് കൂടി വരികയും ചെയ്യുന്നു. തീപ്പിടിത്തമുണ്ടായ വാഹനങ്ങളിൽ 80 ശതമാനവും കാർ, ഇരുചക്ര വാഹനം എന്നിവയാണ്.
വിശ്വസിച്ച് യാത്ര ചെയ്യുന്ന വാഹനങ്ങൾ കത്താൻ തുടങ്ങിയാൽ വാഹന കമ്പനികൾ കൊലക്കുറ്റത്തിന് സമാധാനം പറയേണ്ടിവരും.
അതി ഗൗരവമായ വിഷയമാണ് വാഹനങ്ങളിൽ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇന്ധന ചോർച്ച .
ജില്ലാ ആസ്പത്രിക്ക് മുന്നിൽ കാർ കത്തിയതിന്റെ കാരണം അന്വേഷണത്തിലൂടെ പുറത്ത് വരാനിരിക്കുന്നേയുള്ളു. പക്ഷെ ഇന്ധന ടാങ്കിൽ നിന്ന് എഞ്ചിനിലേക്കുള്ള റബ്ബർ പൈപ്പിലൂടെയുള്ള ഇന്ധന ചോർച്ച നിരവധി വാഹനങ്ങളിൽ കണ്ടത്തിയ സ്ഥിതിക്ക് തീപ്പിടിത്തത്തിന് കാരണമായി ഇതിനേയും സംശയിക്കാം.
രണ്ട് മാസം മുമ്പ് എന്റെ കാറും നഗര മധ്യത്തിൽ ഇതുപോലെ കത്തിയമരേണ്ടതായിരുന്നു.
മാസങ്ങളായി എത്ര ഇന്ധനം അടിച്ചാലും മൈലേജ് വളരെ കുറവ്. ഇന്ധനം പെട്ടന്ന് തീരുന്നു. മാരുതി വർക്ക് ഷോപ്പിൽ കൊണ്ടുപോയി ഇന്ധന ടാങ്ക് അഴിച്ച് ക്ലീൻ ചെയ്തു.എന്നിട്ടും പ്രശ്‌നത്തിന് പരിഹാരമായില്ല.
ഒരു ദിവസം എടക്കാട് പെട്രോൾ പമ്പിൽ നിന്ന് 1500 രൂപയുടെ എണ്ണയടിച്ച് 40 കി.മി. ഓടിയപ്പോഴേക്കും ഫ്യുവൽ ഗേജ് മീറ്ററിൽ എണ്ണയില്ലെന്ന് കാണിക്കുന്നു. വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ പെ ടോളിന്റെ ഗന്ധവും കൂടി.
വീട്ടിൽ നിന്ന് വണ്ടിയിറക്കുമ്പോൾ വെള്ളം പോലെ ഒലിച്ചിറങ്ങുന്നത് വീട്ടുകാർ ചുണ്ടിക്കാണിച്ചപ്പോൾ എ.സി.യുടെ വെള്ളമെന്ന് പറഞ്ഞ് നിസാരവത്കരിച്ചു.
കണ്ണൂർ ടൗണിലെത്തി സുഹൃത്തിനോട് ഈ കാര്യം പറഞ്ഞപ്പോൾ … വണ്ടി സ്റ്റാർട്ടാക്കി ആക്‌സിലറേറ്റർ കൊടുക്കാൻ പറഞ്ഞു…
അപ്പോഴാണ് യാഥാർത്ഥ്യം തിരിച്ചറിഞ്ഞത്. ചെറു പൈപ്പിൽ നിന്നെന്ന പോലെ വണ്ടിയുടെ വലതു സൈഡിൽ പിൻ ഭാഗത്ത് പെട്രോൾ ഒഴുകുന്നു.
ഇന്ധന ടാങ്കിൽ നിന്ന് എഞ്ചിനിലേക്കുള്ള റബർ പൈപ്പിൽ നിന്നാണ് പെട്രോൾ ചോർച്ച .
അന്നൊരു ഞായറാഴ്ചയായതിനാൽ ടൗണിൽ ഒരിടത്തും വർക്ക് ഷോപ്പ് പ്രവർത്തിക്കുന്നുമില്ല. വിവരക്കേട് കൊണ്ട് ഇന്ധനം ചോരുന്ന കാറു മോടിച്ച് 5 കി.മി അകലെയുള്ള വർക്ക് ഷോപ്പിലെത്തിച്ചു. അവിടെയുള്ളവർ വണ്ടി പരിശോധിച്ച് പറഞ്ഞപ്പോഴാണ് ചെയ്ത വീഡ്ഡിത്തം ബോധ്യപ്പെട്ടത്. വരും വഴി ഒരു തീപ്പൊരി മതിയായിരുന്നു കാർ കത്തിയമരാൻ .
ഇന്ധന ടാങ്കിൽ നിന്നുള്ള റബ്ബർ പൈപ്പ് ചെറിയ ഇനം വണ്ടുകൾ തുരക്കുന്നതാണ് ഇതിന് കാരണമെന്നും …. ഇത്തരത്തിൽ നിരവധി വാഹനങ്ങൾ അവിടെ എത്തുന്നതായും വർക്ക് ഷോപ്പുകാർ പറഞ്ഞു.
പെട്രോളിലെ എഥനോളിന്റെ ഗന്ധം ആകർഷിച്ചെത്തുന്ന ചെറു വണ്ടുകളാണ് പൈപ്പ് തുരക്കുന്നത്. ഇതിനെ പ്രതിരോധിക്കുന്ന പൈപ്പുകൾ ഇടുകയാണ് പ്രതിവിധി.
ഗ്യാസ് സിലിണ്ടറിനെയും സ്റ്റൗവിനേയും ബന്ധിപ്പിക്കുന്ന നല്ലയിനം പൈപ്പിട്ടാണ് എന്റെ കാറിന്റെ പ്രശ്‌നം പരിഹരിച്ചത്. എന്റെ അനുഭവത്തിന് ശേഷം നിരവധി പേർ സമാനമായ അനുഭവങ്ങൾ പങ്കു വെച്ചു. പലരും ഭാഗ്യം കൊണ്ട് മാത്രമാണ് തീപ്പിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. മാധ്യമങ്ങളിലും ഈ സംഭവങ്ങൾ വലിയ വാർത്തയായി വന്നു. എന്നിട്ടും വാഹന കമ്പനികൾ ഈ കാര്യം പഠന വിധേയമാക്കുകയോ … പ്രതിരോധ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
ആളുകളെ കൊലയ്ക്ക് കൊടുക്കുന്ന അതി ഗൗരവമായ കാര്യമാണിത്. ഇന്ധന ടാങ്കിനുപയോഗിക്കുന്ന സാധാരണ റബർ പൈപ്പുകൾ വണ്ടുകൾ മുറിക്കുന്ന സാഹചര്യത്തിൽ അവ മാറ്റി : വണ്ടുകളെ പ്രതിരോധിക്കാനാവുന്ന ഉറപ്പേറിയ പൈപ്പുകൾ ഉപയോഗിക്കണം. ഈ വണ്ടുകളെ പ്രതിരോധിക്കാൻ വാഹന കമ്പനികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇനിയും ഏറെ ജീവനുകൾ നിരത്തിൽ ചാമ്പലാകും….
പ്രശ്‌നം പഠിക്കാനും പരിഹരിക്കാനും വാഹനക്കമ്പനികൾ വൈകിക്കൂട…. ലക്ഷങ്ങൾ വില കൊടുത്തു വാങ്ങുന്ന കാറിലെ സുപ്രധാനമായ കാര്യത്തിന് ഒരു പ്രാണിയെ പോലും പ്രതിരോധിക്കാൻ കഴിയാത്ത ഗുണനിലവാരം കുറഞ്ഞ റബർ പൈപ്പ് ….
നമ്മുടെ സുരക്ഷയ്ക്ക് നമുക്ക് ചെയ്യാവുന്നത്
വാഹനം ഓടിക്കുന്നതിന് മുമ്പ് സ്റ്റാർട്ട് ചെയ്ത് നന്നായി ആക്‌സിലറേറ്റർ കൊടുത്താൽ ഈ പ്രശ്‌നം കണ്ടെത്താനാകും… രൂക്ഷമായ പെട്രോൾ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഏറെക്കുറെ ഉറപ്പിക്കാം… ചോർച്ചയുണ്ടെന്ന് …
പൈപ്പിലെ ദ്വാരം വലുതാണെങ്കിൽ പുറത്തേക്ക് എണ്ണ ഒഴുകിയിറങ്ങും ….
Discussion about this post