ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയത്തിലെത്തി വിശ്വാസികളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകിട്ടാണ് ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. മുൻകൂട്ടി അറിയിച്ച് നടത്തിയ സന്ദർശനത്തിൽ ആർച്ച് ബിഷപ്പും മുതിർന്ന പുരോഹിതരും പ്രധാനമന്ത്രിയെ സ്വീകരിച്ചു.
പളളിയുടെ കവാടത്തിൽ ഷാളും ബൊക്കെയും നൽകിയാണ് പ്രധാനമന്ത്രിയെ വരവേറ്റത്. പളളിയിലെ ഗായകസംഘം പ്രധാനമന്ത്രിക്ക് വേണ്ടി മൂന്ന് ഗാനങ്ങൾ ആലപിച്ചു. കൂപ്പുകൈകളോടെ ധ്യാനനിമഗ്നനായി അദ്ദേഹം ഗാനങ്ങൾ ആസ്വദിച്ചു. പിന്നീട് ഗായകസംഘത്തിലെ അംഗങ്ങളെ പരിചയപ്പെടുകയും പുരോഹിതരോട് ക്ഷേമാന്വേഷണം നടത്തുകയും ചെയ്തു.
കന്യാസ്ത്രീകളും സഭാപുരോഹിതരും ചുരുക്കം വിശ്വാസികളും പളളിയിൽ ഉണ്ടായിരുന്നു. ഇവരോട് കൈകൂപ്പി യാത്ര പറഞ്ഞാണ് പ്രധാനമന്ത്രി മടങ്ങിയത്. സന്ദർശനത്തിൽ അങ്ങേയറ്റം സന്തോഷവാനായിട്ടാണ് പ്രധാനമന്ത്രി കാണപ്പെട്ടതെന്നും സഭാ പുരോഹിതർ പറഞ്ഞു. സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി പളളിക്ക് പുറത്ത് വൃക്ഷത്തൈയും പ്രധാനമന്ത്രി നട്ടു. സഭയുടെ വകയായി പ്രധാനമന്ത്രിക്ക് ക്രിസ്തുവിന്റെ രൂപം ഉപഹാരവും നൽകി.
ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയത്തിൽ എത്തുന്നതെന്നും അതിൽ സന്തോഷമുണ്ടെന്നും സഭാനേതൃത്വം ചൂണ്ടിക്കാട്ടി.
Discussion about this post