തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തി പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ ടിക് ടോക്ക് താരം മീശ വിനീത് അറസ്റ്റിൽ. നേരത്തെ പീഡനപരാതിയിൽ ഇയാളെ തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസിലും പോലീസ് പിടികൂടുന്നത്.
തിരുവനന്തപുരം കഴക്കൂട്ടത്തുളള പെട്രോൾ പമ്പിലെ കളക്ഷൻ തുക കണിയാപുരം സ്വദേശിയായ ഷാ എന്ന മാനേജർ ബാങ്കിലടയ്ക്കാൻ കൊണ്ടുപോകുമ്പോഴായിരുന്നു പ്രതികൾ ബൈക്കിലെത്തി പണം കവർന്നത്. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആരാണെന്ന് വ്യക്തമല്ലായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞ മാസം 23 ന് ഉച്ചയ്ക്ക് 3.30 ഓടെ കണിയാപുരം എസ്ബിഐ ബ്രാഞ്ചിന് മുൻപിലായിരുന്നു സംഭവം. ജിത്തു എന്നയാളാണ് വിനീതിന് ഒപ്പം പിടിയിലായത്. ഇരുവരും കവർച്ചയ്ക്ക് ശേഷം തൃശൂരിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ഇവിടെയെത്തി പിടികൂടുകയായിരുന്നു. ഇവർക്ക് മറ്റ് കവർച്ചാകേസുകളുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
പീഡനക്കേസിൽ വിനീതിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഇക്കാര്യം വലിയ ചർച്ചയുമായിരുന്നു.
Discussion about this post