മോസ്‌കോ: യുക്രെയ്‌നിൽ നിന്നും റഷ്യ പിടിച്ചെടുത്ത മാരിയുപോളിൽ അപ്രതീക്ഷിത സന്ദർശനം നടത്തി റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ. പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലാക്കിയ ശേഷം ആദ്യമായിട്ടാണ് പുടിൻ ഇവിടം സന്ദർശിക്കുന്നത്.
ക്രിമിയ റഷ്യ പിടിച്ചെടുത്തതിന്റെ ഒൻപതാം വാർഷികം പ്രമാണിച്ച് അവിടം സന്ദർശിച്ച ശേഷമാണ് പുടിൻ മാരിയുപോളിൽ എത്തിയത്. പുടിന്റെ സന്ദർശനത്തോട് യുക്രെയ്ൻ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഹൃദയശൂന്യവും മനസാക്ഷിക്കുത്ത് ഇല്ലാത്തതുമായ പ്രവൃത്തിയെന്നാണ് യുക്രെയ്ൻ പ്രസിഡന്റിന്റെ അടുത്ത പ്രതിനിധി പുടിന്റെ സന്ദർശനത്തെ വിശേഷിപ്പിച്ചത്.
കാറിൽ പ്രദേശം സന്ദർശിക്കുന്ന പുടിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പുനർനിർമിച്ച മ്യൂസിക്കൽ തിയറ്റർ സന്ദർശിച്ചതിന് പുറമേ മേഖലയിലെ പുനർനിർമാണ പ്രവർത്തനങ്ങളെക്കുറിച്ചുളള റിപ്പോർട്ടുകളും പുടിൻ വിലയിരുത്തുന്നത് വീഡിയോയിൽ കാണാം
സന്ദർശനത്തിന്റെ ദൃശ്യങ്ങൾ റഷ്യൻ ടെലിവിഷനും പുറത്തുവിട്ടു. രാത്രിയിലായിരുന്നു പുടിൻ എത്തിയത്. സന്ദർശനം ആകസ്മികമായിരുന്നുവെന്നും റഷ്യൻ പ്രസിഡന്റ് പ്രദേശവാസികളുമായി ആശയവിനിമയം നടത്തിയെന്നും റഷ്യൻ വക്താവ് ദ്വിമിത്രി പെസ്‌കോവ് വെളിപ്പെടുത്തി. മുൻകൂട്ടി ആസൂത്രണം ചെയ്ത സന്ദർശനമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായിരുന്നു പുടിൻ മാരിയുപോളിൽ എത്തിയത്. മാരിയുപോളിൽ നിന്ന് യുക്രെയ്ൻ കുട്ടികളെ ബലമായി റഷ്യയിലേക്ക് കടത്തിയെന്നതുൾപ്പെടെയുളള കുറ്റങ്ങളിലാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി കഴിഞ്ഞ ദിവസം പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
Discussion about this post