ന്യൂയോർക്ക്/മുംബൈ: ശബരിമല ശാസ്താവിനെ കാണാൻ വ്രതം നോറ്റ് തെലുങ്ക് സൂപ്പർതാരം രാം ചരൺ. അമേരിക്കൻ യാത്രയ്ക്കിടെ പുറത്തുവന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. കറുപ്പുടുത്ത് കാലിൽ ചെരിപ്പില്ലാതെയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അടുത്ത മാസം 12 ന് നടക്കുന്ന ഓസ്‌കർ പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് രാംചരൺ അമേരിക്കയിൽ എത്തിയത്. യാത്രയ്ക്കായി മുംബൈ വിമാനത്താവളത്തിൽ എത്തിയ താരത്തിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കറുത്ത കുർത്തയും പൈജാമയുമാണ് താരം ധരിച്ചിരിക്കുന്നത്. കഴുത്തിൽ മാലയും നെറ്റിയിൽ ചന്ദനക്കുറിയും ധരിച്ചിട്ടുണ്ട്. കറുപ്പുടുത്ത് നഗ്നപാദനായി നടക്കുന്ന രാംചരണിനെ കണ്ടതോടെ വിമാനത്താവളത്തിലുണ്ടായിരുന്നവർ അമ്പരന്നു. ഉടനെ അദ്ദേഹത്തിന്റെ ചിത്രം പകർത്താനും ആരാധകർ മറന്നില്ല.
നിമിഷ നേരങ്ങൾ കൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു. അദ്ദേഹത്തിന്റെ പുതിയ രൂപം കണ്ട് പലരും സംശയം പ്രകടിപ്പിച്ച് രംഗത്ത് എത്തി. ഇതോടെയാണ് ശബരിമലയിലേക്ക് അദ്ദേഹം വ്രതം നോറ്റിരിക്കുകയാണെന്ന് മറ്റൊരു വിഭാഗം വ്യക്തമാക്കിയത്. എല്ലാ വർഷവും രാം ചരൺ ശബരിമലയിൽ ദർശനം നടത്താറുണ്ട്. 41 ദിവസത്തെ വ്രതത്തിന് ശേഷമാണ് അദ്ദേഹം ശബരിമലയിൽ എത്താറുള്ളത്.
അതേസമയം അദ്ദേഹത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്ത് എത്തി. എത്ര ഉയരത്തിലാണെങ്കിലും സ്വന്തം സംസ്‌കാരവും വിശ്വാസവും മുറുകെ പിടിക്കുന്നയാളാണ് രാം ചരണെന്നും, സർവ്വേശ്വരന്റെ അനുഗ്രഹത്താൽ അദ്ദേഹം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നുമായിരുന്നു ആരാധകരുടെ പ്രതികരണം.
Discussion about this post