കോഴിക്കോട്: പുഴ മുതൽ പുഴ വരെ എന്ന തന്റെ സിനിമ പതുക്കെ ജനഹൃദയങ്ങളിലൂടെ ഒഴുകി തുടങ്ങിയെന്ന് സംവിധായകൻ രാമസിംഹൻ. ഒരു തിയറ്ററിൽ പോലും ഇറങ്ങില്ലെന്ന് അവർ പറഞ്ഞു, പക്ഷെ ഒരുപാട് തിയറ്ററിൽ ഇറങ്ങി, കാണാൻ ആളുണ്ടാകില്ലെന്ന് പറഞ്ഞു. പക്ഷെ അരുവി പതുക്കെ അതിന്റെ കരുത്ത് കാട്ടിത്തുടങ്ങി. കോഴിക്കോടും എറണാകുളത്തും ഒക്കെ തിയറ്റർ നിറഞ്ഞുകവിയുമ്പോൾ പുഴ ഒഴുകുന്നുണ്ടെങ്കിൽ നമ്മൾ വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് സിനിമയെ ഏറ്റെടുത്ത പൊതുസമൂഹത്തിന് അദ്ദേഹം നന്ദി പറഞ്ഞത്.
ഒരു പത്രപരസ്യവും ടിവി പരസ്യവും ഇല്ലാതെയാണ് സിനിമ തിയറ്ററിലെത്തിയത്. അതിനുളള പണം ഇല്ലായിരുന്നു. എന്നിട്ടും ഈ സിനിമ ഓടുന്നുണ്ടെങ്കിൽ അത് വിജയമാണ് ഓരോ ദിവസവും ആള് കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. ഇത് മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ പടമല്ല. ഇത് സാധാരണക്കാർ അഭിനയിച്ച പടമാണ്. അതുകൊണ്ട് നൂറുകോടിയെത്തിയില്ലേ പത്ത് കോടിയിലെത്തിയില്ലേ എന്ന് പറഞ്ഞ് കരയണ്ട കാര്യമില്ല. ആളുകൾ തലയ്ക്കുഴിഞ്ഞ് ക്ഷേത്രത്തിന് കൊടുക്കുന്നതുപോലെ തന്ന പണമാണ്.
പ്രിവ്യൂ ഇറങ്ങുന്നതിന് മുൻപേ റിവ്യൂ ഇട്ട് തോൽപിക്കാൻ നോക്കി. കൊളളില്ല, ആരും കയറരുതേ എന്ന് പറഞ്ഞു. എല്ലാ വിദ്യയും പ്രയോഗിച്ചിട്ടും പുഴ ഒഴുകി സന്തോഷമുണ്ട്. ഒരിക്കലും സിനിമ ഇറങ്ങില്ല ഉളള പണമൊക്കെ രാമസിംഹൻ അടിച്ചുമാറ്റും എന്ന് പ്രചരിപ്പിച്ചു. ആയിരങ്ങൾ സിനിമ കണ്ടുകഴിഞ്ഞു. ഇനി എത്ര തടസപ്പെടുത്തിയാലും പ്രിയപ്പെട്ട സഖാക്കളെ, പ്രിയപ്പെട്ട സുഡാപ്പികളെ പതിയെ മുകളിലോട്ട് കയറുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ മുഴുവനും ലോകം മുഴുവനും ഈ സിനിമ കാണിക്കും. ഒടിടിയിലൂടെ ഓരോ വീട്ടിലും ഈ സിനിമ എത്തും. എത്ര തടഞ്ഞാലും സിനിമ എല്ലാ ജനങ്ങളിലേക്കും എത്തുമെന്ന് അദ്ദേഹം പറഞ്ഞു. കശ്മീർ ഫയൽസിനെ തകർക്കാൻ ശ്രമിച്ച് ഒരു തിയറ്ററിൽ നിന്ന് 100 തിയറ്ററിലേക്ക് എത്തിയ കാര്യവും രാമസിംഹൻ ഓർമ്മിപ്പിച്ചു.
സിനിമ കാണാതെ അഭിപ്രായങ്ങൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇട്ട് തോൽപിക്കാൻ നോക്കി. ഒരാൾക്കും മായ്ചുകളയാൻ കഴിയാത്ത വിധം ആ ചരിത്രം ലോകത്ത് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇനി നിങ്ങൾക്ക് മായ്ച്ചുകളയാൻ കഴിയില്ല. അതൊരു റഫറൻസ് ഗൈഡായി ഇനി ഇവിടെയുണ്ടാകുമെന്നും രാമസിംഹൻ പറഞ്ഞു.
Discussion about this post