ചെന്നൈ: തമിഴ്‌നാട്ടിൽ മുൻകൂട്ടി നിശ്ചയിച്ച 45 കേന്ദ്രങ്ങളിലും ആർഎസ്എസ് സമാധാനപരമായി റൂട്ട്മാർച്ച് നടത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പ്രത്യേക താൽപര്യപ്രകാരം റൂട്ട്മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് വിഷയം കോടതിയിലെത്തുകയായിരുന്നു. ഹൈക്കോടതി റൂട്ട്മാർച്ചിന് അനുകൂല വിധി പുറപ്പെടുവിച്ചെങ്കിലും സ്റ്റാലിൻ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഒടുവിൽ അവിടെയും പരാജയപ്പെടുകയായിരുന്നു.
മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് 45 കേന്ദ്രങ്ങളിലും റൂട്ട്മാർച്ചിന് സുപ്രീംകോടതി അനുമതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് ഡിജിപി റൂട്ട്മാർച്ചിന് അനുമതി നൽകാൻ നിർബന്ധിതമാകുകയായിരുന്നു. ചെന്നൈ, മധുരൈ, കാഞ്ചീപുരം, ചെങ്കൽപേട്ട് തുടങ്ങിയ ഇടങ്ങളിലെല്ലാം റൂട്ട്മാർച്ച് നടന്നു. മുതിർന്ന സ്വയംസേവകരും ബാലസ്വയംസേവകരും ഉൾപ്പെടെ ആയിരക്കണക്കിന് സംഘപ്രവർത്തകർ ഓരോ സ്ഥലത്തും റൂട്ട്മാർച്ചിന്റെ ഭാഗമായി.
നേരത്തെ കല്ലകുറിച്ചി, പേരാംബലൂർ, കുഡ്ഡല്ലൂർ എന്നിവിടങ്ങളിൽ മാത്രമായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് റൂട്ട്മാർച്ചിന് അനുമതി നൽകിയിരുന്നത്. എന്നാൽ വിഷയം സുപ്രീംകോടതിയിലെത്തിയതോടെ കോടതി ആർഎസ്എസ് നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളിലെല്ലാം റൂട്ട്മാർച്ച് നടത്താൻ അനുവദിക്കുകയായിരുന്നു.
ആർഎസ്എസിന്റെ കൃത്യമായ പരിശീലനത്തിലൂടെ സ്വായത്തമാക്കുന്ന അച്ചടക്കം കൈമുതലാക്കിയാണ് പ്രവർത്തകർ റൂട്ട്മാർച്ചിൽ പങ്കെടുക്കുന്നതെന്നും ഇത് സാധാരണക്കാർക്കും അനുകരണീയമാണെന്നും ആർഎസ്എസ് ചൂണ്ടിക്കാട്ടി. ഹിന്ദു സമൂഹത്തിന് സംഘടിതമായി ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ കഴിയുമെന്ന സന്ദേശമാണ് റൂട്ട്മാർച്ചിലൂടെ പൊതുസമൂഹത്തിന് നൽകുന്നതെന്നും പ്രസ്താവനയിൽ ആർഎസ്എസ് വിശദീകരിച്ചു.
ഒക്ടോബർ രണ്ടിനായിരുന്നു ആർഎസ്എസ് റൂട്ട്മാർച്ച് നിശ്ചയിച്ചിരുന്നത്. സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് ഉൾപ്പെടെയുളള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിൻ സർക്കാർ അനുമതി നിഷേധിച്ചത്. തുടർന്നാണ് നിയമപോരാട്ടത്തിലേക്ക് നീങ്ങിയത്.
തമിഴ്‌നാട്ടിൽ ഡിഎംകെ, എഐഎഡിഎംകെ സർക്കാരുകൾ മുൻപും പലപ്പോഴും റൂട്ട്മാർച്ചിന് അനുമതി നിഷേധിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന് ശേഷം നിർത്തിവെച്ചിരുന്ന റൂട്ട്മാർച്ച് ഇക്കുറി പുനരാരംഭിക്കാൻ അനുമതി തേടിയപ്പോഴാണ് സ്്റ്റാലിൻ സർക്കാർ ഇടങ്കോലിട്ടത്. എന്നാൽ കോയമ്പത്തൂർ ബോംബ് സ്‌ഫോടനത്തിന് പിന്നാലെ രണ്ട് വർഷത്തിന് ശേഷം നഗരത്തിൽ ആർഎസ്എസ് റൂട്ട്മാർച്ചിന് അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാനിധി അനുമതി നൽകിയിരുന്നു.
Discussion about this post