ആലപ്പുഴ: ഹരിപ്പാട് വനിതാ എസ്എഫ്‌ഐ നേതാവിനെ വാഹനമിടിച്ച് വീഴ്ത്തി മർദ്ദിച്ച് അവശയാക്കിയ സംഭവത്തിൽ കേസ് എടുക്കാതെ പോലീസ്. മർദ്ദനമേറ്റ ചിന്നു പരാതി നൽകിയില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് പോലീസ് കേസ് എടുക്കാതിരിക്കുന്നത്. സാധാരണയായി ഇത്തരം സംഭവങ്ങളിൽ പരാതിയില്ലെങ്കിൽ പോലും പോലീസ് സ്വമേധയാ കേസ് എടുക്കുകയാണ് പതിവ്.
ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു ചിന്നുവിന് മർദ്ദനമേറ്റത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചിന്നുവിന്റെ മൊഴി രാത്രി തന്നെ വനിതാ എസ്‌ഐ രേഖപ്പെടുത്തിയെന്നാണ് ഹരിപ്പാട് സിഐ പറയുന്നത്. തനിക്ക് പരാതിയില്ലെന്ന് ചിന്നു പറഞ്ഞു. ഇതേ തുടർന്നാണ് കേസ് എടുക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പരാതി നൽകാനോ നടപടി സ്വീകരിക്കാനോ ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വവും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. പെൺകുട്ടിയാണ് പരാതി നൽകേണ്ടതെന്നാണ് ഇവരുടെ വാദം. സ്വഭാവ ദൂഷ്യത്തിന് പെൺകുട്ടി നൽകിയ പരാതിയിൽ ഡിവൈഎഫ്‌ഐ നേതാവിനെ സസ്‌പെൻഡ് ചെയ്തിരുന്നുവെന്നും, ഇതിൽ കൂടുതലായി മറ്റൊന്നും ചെയ്യാനില്ലെന്നുമായിരുന്നു നേതൃത്വം പ്രതികരിച്ചത്. പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വ്യക്തം.
എസ്എഫ്ഐ ഏരിയ പ്രസിഡന്റാണ് ചിന്നു. ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് അമ്പാടി ഉണ്ണിയാണ് ചിന്നുവിനെ മർദ്ദിച്ചത്. സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന പെൺകുട്ടിയെ വാഹനം ഇടിച്ച് നിലത്തേക്ക് വീഴ്ത്തിയ ശേഷം മർദ്ദിക്കുകയായിരുന്നു. അമ്പാടിയും എസ്‌വൈഎഫ്‌ഐ നേതാക്കളായ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇതിനിടെ അപസ്മാരം വന്നതോടെ ചിന്നുവിനെ റോഡിൽ തന്നെ ഉപേക്ഷിച്ച് അമ്പാടിയും മറ്റുള്ളവരും കടന്നു കളയുകയായിരുന്നു.












