കൊച്ചി: ക്രിസ്തീയ സഭാ വിശ്വാസികളുമായി ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ സംസ്ഥാന വ്യാപകമായി നടത്തിയ ആശയവിനിമയത്തെയും വിശ്വാസികളുടെ വീടുകളിൽ സന്ദർശനം നടത്തി പ്രധാനമന്ത്രിയുടെ ആശംസ കൈമാറിയതിനെയും വിമർശിക്കുന്ന മുഖ്യമന്ത്രിക്കും സിപിഎമ്മിനും അതേ നാണയത്തിൽ മറുപടി നൽകി കേന്ദ്രമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകൾ താമരശേരി ബിഷപ്പിനെ നികൃഷ്ടജീവി എന്ന് വിളിച്ചതിന്റെ പശ്ചാത്താപമാണെങ്കിൽ നല്ലകാര്യമാണെന്ന് വി. മുരളീധരൻ കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു.
ലോകത്ത് ചൈനയിൽ ഉൾപ്പെടെ ക്രിസ്ത്യാനികളെ വംശഹത്യ നടത്തിയവരാണ് കമ്യൂണിസ്റ്റുകാർ. ചൈനയിൽ ബിഷപ്പുമാരെ വാഴിക്കുന്നത് മാർപാപ്പയല്ല, കമ്യൂണിസ്റ്റ് പാർട്ടിയാണ്. പാലാ ബിഷപ്പ് സത്യം പറഞ്ഞതിന്റെ പേരിൽ എടുത്ത കേസ് പിൻവലിച്ചോ എന്നും വി മുരളീധരൻ ചോദിച്ചു. ഇതെല്ലാം പറഞ്ഞുകഴിഞ്ഞ് ബാക്കി വിഷയങ്ങളിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു.
തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് സഭാ പ്രതിനിധിയായിട്ടല്ല റബ്ബർ കർഷകർ നേരിടുന്ന പ്രശ്‌നം ഉന്നയിച്ചത്. അദ്ദേഹം കർഷകർക്ക് വേണ്ടിയാണ് സംസാരിച്ചത്. കർഷകരുടെ പ്രശ്‌നങ്ങൾ ആര് ഉന്നയിച്ചാലും അതിന് പരിഹാരം കാണുകയെന്നതാണ് നരേന്ദ്രമോദി സർക്കാരിന്റെ നയം അതിന്റെ ഭാഗമായിട്ടാണ് റബ്ബർ ബോർഡ് ചെയർമാൻ ബിഷപ്പിനെ കണ്ടതെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.
ബിജെപി നേതാക്കളുടെ സമ്പർക്കം ക്രൈസ്തവ സമൂഹത്തിൽ വ്യാപകമായ അനുകൂല പ്രതികരണമാണ് ഉണ്ടാക്കിയത്. സമൂഹമാദ്ധ്യമങ്ങളിൽ ക്രൈസ്തവ പുരോഹിതൻമാരെ അധിക്ഷേപിക്കുന്നുണ്ടെങ്കിൽ അത് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും സൈബർ സംഘങ്ങളാണ്. അത് ശരിയല്ലെന്നും എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങൾ വെച്ചുപുലർത്താൻ അവകാശമുണ്ടെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.
ഈസ്റ്റർ ദിനത്തിൽ ഡൽഹിയിൽ സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മുൻപ് ചെയ്ത കാര്യങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാനാണെങ്കിൽ നല്ല കാര്യം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസം. കേരളത്തിൽ ഈസ്റ്റർ ദിനത്തിൽ ക്രിസ്തുമത വിശ്വാസികളുടെ വീടുകളിലും ബിഷപ്പ് ഹൗസുകളിലും ബിജെപി നേതാക്കൾ സമ്പർക്കം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദേശം കൈമാറാനും ഈസ്റ്റർ ആശംസ അറിയിക്കാനുമായിരുന്നു സമ്പർക്കും. ഇതിനെതിരെ കോൺഗ്രസും സിപിഎമ്മും ഒരുപോലെയാണ് രംഗത്ത് വരികയും ചെയ്തിരുന്നു.
Discussion about this post