വാഷിംഗ്ടൺ: തങ്ങളുടെ കൈവശം ബാക്കിയുണ്ടായിരുന്ന എല്ലാ രാസായുധങ്ങളും തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ചെന്ന് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്.രാസായുധ ശേഖരം പൂർണമായി അമേരിക്ക നശിപ്പിച്ചുവെന്ന് പ്രഖ്യാപിക്കുന്നതിൽ അഭിമാനമുണ്ടെന്നും ലോകത്തെ രാസായുധങ്ങളുടെ ഭീകരതയിൽ നിന്ന് മോചിപ്പിക്കുന്നതിൽ ഒരുപടി കൂടി മുന്നോട്ട് നീങ്ങിയെന്നും ബൈഡൻ പറഞ്ഞു.ഒന്നാം ലോകമഹായുദ്ധം മുതൽ ശേഖരിച്ച 30,000 ടൺ ആയുധ ശേഖരമാണ് ഇല്ലാതാക്കിയത്. പത്ത് വർഷം നീണ്ടുനിന്ന ദൗത്യമാണ് ഇതോടെ അമേരിക്ക പൂർത്തികരിച്ചത്.
രണ്ടാം ലോക മഹായുദ്ധത്തിൽ രാസായുധങ്ങൾ കാര്യമായി ഉപയോഗിച്ചിരുന്നില്ലെങ്കിലും പല രാജ്യങ്ങളും ഇവയുടെ വൻ ശേഖരങ്ങൾ സൂക്ഷിച്ചുവെയ്ക്കുകയും കൂടുതൽ ആയുധങ്ങൾ വികസിപ്പിക്കുകയും ചെയ്തിരുന്നു.
1993ലാണ് ഇത്തരം ആയുധങ്ങൾ നശിപ്പിക്കാൻ 193 രാജ്യങ്ങൾ ഒപ്പുവെച്ച കൺവെൻഷൻ നടന്നത്. ചരിത്രപരമായ വിജയമെന്നാണ് ഓർഗനൈസേഷൻ ഫോർ ദ പ്രോഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസ് വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര സമൂഹത്തിന് വേണ്ടി ഇത്തരമൊരു നേട്ടം കൈവരിച്ച അമേരിക്കയെ അഭിനന്ദിക്കുന്നുവെന്നും ഓർഗനൈസേഷൻ ഫോർ ദ പ്രോഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസ് ഡയറക്ടർ ജനറൽ ഫെർനാഡോ അരിയാസ് പറഞ്ഞു.
Discussion about this post