ആലുവ: ആർഎസ്എസ് മുൻ പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്റെ ശതാഭിഷേക ആഘോഷം ആലുവ ചൊവ്വര മാതൃഛായ ബാലഭവനിൽ നടന്നു. ആത്മീയ ആചാര്യൻമാരും മുതിർന്ന ആർഎസ്എസ് കാര്യകർത്താക്കളും സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ചുമതലക്കാരും ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലായിരുന്നു ശതാഭിഷേക പരിപാടികൾ നടന്നത്.
മാനവസേവ മാധവ സേവ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് സംഘപ്രവർത്തനങ്ങളിൽ സജീവമായിരുന്ന പിഇബി മേനോന്റെ ശതാഭിഷേകവുമായി ബന്ധപ്പെട്ട് നിരവധി സേവന പ്രവർത്തനങ്ങളാണ് സേവാഭാരതി ഉൾപ്പെടെയുളള പരിവാർ പ്രസ്ഥാനങ്ങൾ ഏറ്റെടുത്തിട്ടുളളത്. നിർദ്ധനർക്ക് വീട് വെച്ചു നൽകുന്നതും സ്‌കൂളുകളുടെ നവീകരണവും ആലുവ ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണ വിതരണവും ഉൾപ്പെടെയുളള പരിപാടികൾ ഇതിൽ ഉൾപ്പെടും. ഇതിൽ നിർമാണം പൂർത്തിയായ വീടിന്റെ താക്കോലും ഒരു കുടുംബത്തിന് ചടങ്ങിൽ കൈമാറി.
ആർഎസ്എസുമായി ബന്ധപ്പെട്ട നിരവധി ട്രസ്റ്റുകളിലൂടെയും സേവാഭാരതിയിലൂടെയും ഒട്ടനവധി ബാലികാ, ബാല സദനങ്ങളും മാതൃസദനങ്ങളും വിദ്യാലയങ്ങളുമൊക്കെ തുടങ്ങാൻ മുൻകൈയ്യെടുത്ത കാര്യകർത്താവ് ആണ് പിഇബി മേനോൻ. കേരളത്തിൽ പലയിടത്തും ഇത്തരത്തിൽ തുടങ്ങിയ അഭയകേന്ദ്രങ്ങൾ ഇന്ന് ആരോരുമില്ലാത്തവർക്ക് ആശ്രയമാണ്.
റിട്ടയേർഡ് ജഡ്ജി സുന്ദരം ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആർഎസ്എസ് ദക്ഷിണ ക്ഷേത്രീയ സംഘചാലക് ഡോ. വന്നിയരാജൻ മുഖ്യപ്രഭാഷണം നടത്തി. സ്വാമി ചിദാനന്ദപുരി, പദ്മശ്രീ എം.കെ കുഞ്ഞോൽ, ആർഎസ്എസ് പ്രാന്ത സംഘചാലക് കെ.കെ ബലറാം, മുതിർന്ന പ്രചാരകൻ എസ് സേതുമാധവൻ, സ്വാമി അനഘാമൃതാനന്ദപുരി, സ്വാമി ബ്രഹ്മപരമാനന്ദ, സ്വാമി പുരന്ദരാനന്ദ, സ്വാമി ഗരുഡധ്വജാനന്ദ തുടങ്ങിയവർ അനുഗ്രഹപ്രഭാഷണവും ആശംസകളും അർപ്പിച്ചു.
ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന സ്വന്തം പ്രൊഫഷനും സംഘപ്രവർത്തനത്തിലൂടെ സമാജസേവനവും ഒരേപോലെ കൊണ്ടുപോയിരുന്ന വ്യക്തിയാണ് പിഇബി മേനോനെന്ന് പ്രസംഗത്തിൽ മുതിർന്ന കാര്യകർത്താക്കൾ ചൂണ്ടിക്കാട്ടി. സംഘപ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ പത്‌നിയും കുടുംബവും നൽകിയ പിന്തുണയും പങ്കെടുത്തവർ ഓർത്തെടുത്തു.
പിഇബി മേനോന്റെ സംഘയാത്രയും മുതിർന്ന കാര്യകർത്താക്കൾ അദ്ദേഹവുമൊത്ത് ചിലവഴിച്ച സമയത്തെ അനുഭവങ്ങളും കോർത്തിണക്കി ജൻമഭൂമി പുറത്തിറക്കിയ “സമാദരം” വിശേഷാൽ പതിപ്പിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. പിഇബി മേനോന്റെ സേവനങ്ങളും സംഘപ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകളും രേഖപ്പെടുത്തുന്ന പുസ്തകം കേരളത്തിൽ സംഘപ്രസ്ഥാനത്തിന്റെ വളർച്ചയുടെ ഒരു ഏട് കൂടിയാണ് അടയാളപ്പെടുത്തുന്നത്.
തനിക്ക് നൽകിയ സ്‌നേഹത്തിന് ഹൃദയത്തിൽ നിന്ന് നന്ദി പറഞ്ഞാണ് പിഇബി മേനോൻ മറുപടി പ്രസംഗം നടത്തിയത്. ഒരു പക്ഷെ ആർഎസ്എസിൽ പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ തന്റെ ജീവിതം എന്താകുമായിരുന്നു എന്ന് പോലും ചിന്തിച്ചിരുന്ന സമയം ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.
1980 ൽ പിഇബി മേനോൻ തുടങ്ങിയ ഗ്രാമസേവാ സമിതി എന്ന സേവാ പ്രസ്ഥാനം ഇന്ന് നിരവധി സേവന പ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് നടത്തുന്നത്. സേവന പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹ്യനവോത്ഥാനം ലക്ഷ്യം വെച്ചുളള ഇടപെടലും അദ്ദേഹം നടത്തിയിരുന്നു.
ശിവകുമാർ അമൃതകല അവതരിപ്പിച്ച സോപാന സംഗീതവും ശ്രീലത ജയചന്ദ്രൻ അവതരിപ്പിച്ച സംഗീതാർച്ചനയും പിറന്നാൾ സദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.
Discussion about this post