തൃശ്ശൂർ: സംഗീത നാടക അക്കാദമിയ്ക്ക് വേണ്ടിയുള്ള നടൻ മുരളിയുടെ ശിൽപം പൂർത്തിയാക്കാൻ അധികൃതർ സമയം തന്നില്ലെന്ന് ശിൽപി വിൽസൺ പൂക്കോയി. മൂന്ന് വർഷക്കാലം ചിലവിട്ടാണ് ശിൽപത്തിന്റെ നിർമ്മാണം പൂർത്തിയായത്. അവസാനം മാനഹാനി മാത്രമാണ് പ്രതിഫലമായി ലഭിച്ചതെന്നും വിൽസൺ പറഞ്ഞു.
കൊറോണയ്ക്ക് മുൻപായിരുന്നു ശിൽപം നിർമ്മിക്കാനാവശ്യപ്പെട്ട് സംഗീത നാടക അക്കാദമി അധികൃതർ സമീപിച്ചത്. ഇതിന്റെ ആദ്യഘട്ടം കളിമണ്ണിൽ പൂർത്തിയായതോടെ അധികൃതരോട് വന്ന് കാണാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ നേരിട്ടെത്തി അവർക്ക് വിലയിരുത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് ചിത്രം എടുത്ത് അയച്ചു. നന്നായിട്ടുണ്ടെന്നും, ശിൽപത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പൊയ്‌ക്കോളൂ എന്നായിരുന്നു ലഭിച്ച നിർദ്ദേശമെന്നും വിൽസൺ വ്യക്തമാക്കി.
ഇതിനിടെ നിർമ്മാണത്തിലിരുന്ന ശിൽപം അഞ്ജാത സംഘം തകർത്തു. പിന്നീട് രണ്ടാമതൊരു ചിത്രം നൽകിയതുവച്ച് ശിൽപം നിർമ്മിക്കുകയായിരുന്നു. കലയുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ് ഇത് പരിശോധിക്കാൻ എത്തിയത്. ഇവിടെയാണ് പിഴവ് പറ്റിയത്. ശിൽപ്പത്തിന്റെ നിർമ്മാണം തുടരാൻ താത്പര്യം ഉണ്ടായിരുന്നു. എന്നാൽ അനുമതി നൽകിയില്ല. സമയം നൽകിയിരുന്നുവെങ്കിൽ അത് പൂർത്തിയാക്കിയേനെ.
19 ലക്ഷം രൂപ ചിലവിട്ടാണ് മുരളിയുടെ ശിൽപം നിർമ്മിക്കുന്നത്. ഇതിൽ 5.70 ലക്ഷം രൂപ തനിക്ക് മുൻകൂറായി നൽകി. സ്വന്തമായി വീട് പോലും ഇല്ലാത്ത തനിക്ക് ഈ പണം തിരികെ നൽകുക പ്രയാസകരമാണ്. ഇതേ തുടർന്നാണ് കത്ത് നൽകിയത്. നിരവധി ശിൽപങ്ങൾ താൻ ചെയ്തിട്ടുണ്ട്. എന്നാൽ മുരളിയുടെ ശിൽപത്തിന് വേണ്ടി സമയം കളഞ്ഞ തനിക്ക് മാനഹാനിയാണ് പ്രതിഫലമായി ലഭിച്ചത് എന്നും വിൽസൺ ആരോപിച്ചു.
Discussion about this post