കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്ന് വെളുപ്പിനെ നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ. രോഗികളും കൂട്ടിരുപ്പുകാരും നെട്ടോട്ടമോടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗർഭിണികൾ പേടിച്ച് അലറിക്കരഞ്ഞു. അക്രമാസക്തനായ സന്ദീപ് ലേബർ വാർഡിലേക്ക് ഓടിക്കയറുമെന്ന് പേടിച്ചിരുന്നെന്നും ആ സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നവർ പറയുന്നു.
വനിത ഡോക്ടറെ തലങ്ങും വിലങ്ങും കുത്തിയത് തടയാൻ ചെന്ന പോലീസുകാരനെ ഇയാൾ പുറത്തേക്കോടിച്ച് കുത്തുകയായിരുന്നു. പ്രതി അസാമാന്യ കരുത്താണ് കാട്ടിയത്. പോലീസുകാരനെ കുനിച്ച് നിർത്തി തുരുതുരാ കുത്തുകയായിരുന്നു. വിവരമറിഞ്ഞ് കൊട്ടാരക്കര പോലീസ് എത്തിയപ്പോൾ കയ്യിലിരുന്ന കത്രിക ഇയാൾ പോലീസിനു മുന്നിലേക്കിട്ടു. തുടർന്നാണ് ആംബുലൻസ് ഡ്രൈവർ പിറകിലൂടെയെത്തി ഇയാളെ പൂട്ടിട്ട് പിടിച്ചത്. സംഭവം കണ്ടുകൊണ്ടിരുന്ന നിരവധി പേർ തുടർന്ന് ഇയാളെ മർദ്ദിച്ച് അവശനാക്കി കെട്ടിയിടുകയായിരുന്നു.
കൊട്ടാരക്കര വിലങ്ങറ സ്കൂളിൽ അദ്ധ്യാപകനായിരുന്ന ഇയാളെ ഡിവിഷൻ ഫോൾ വന്നത് മൂലം സർക്കാർ നെടുമ്പന സ്കൂളിലേക്ക് മാറ്റുകയായിരുന്നു. കാലങ്ങളായി ഇയാൾ മദ്യത്തിന് അടിമയാണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. വലിയ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമാണ് പ്രതി. നേരത്തെ മറ്റ് ബിസിനസുകളും നടത്തിയിട്ടുണ്ട്. ഭാര്യയുമായി കാലങ്ങളായി പിരിഞ്ഞു കഴിയുകയാണ്. ഭാര്യയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തലും പതിവായിരുന്നു.
Discussion about this post