ആലപ്പുഴ: അതിവേഗം തിരുവനന്തപുരത്ത് എത്താൻ ആംബുലൻസിൽ യാത്ര ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പെരികവിള സ്വദേശി അനന്തുവാണ് അറസ്റ്റിലായത്. ഹരിപ്പാട് നിന്നായിരുന്നു ഇയാൾക്ക് തിരുവനന്തപുരത്തേക്ക് പോകാൻ ശ്രമിച്ചത്.
മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ആളാണ് അനന്തു. ഇതുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് ഇയാൾ കഴിഞ്ഞ ദിവസം ഹരിപ്പാട് എത്തിയത്. എന്നാൽ ഇന്നലെ അഞ്ച് മണിയ്ക്ക് അനന്തുവിന് തിരുവനന്തപുരത്തും എത്തണമായിരുന്നു. ഇതിനായുള്ള മാർഗ്ഗം ആലോചിച്ചപ്പോഴാണ് ആംബുലൻസ് യാത്ര എന്ന ആശയം തലയിൽ ഉദിച്ചത്. ഇതോടെ 108 ആംബുലൻസ് വിളിക്കുകയായിരുന്നു.
താൻ ന്യൂറോ സർജൻ ആണെന്നും അടിയന്തിര ശസ്ത്രക്രിയയ്ക്കായി മെഡിക്കൽ കോളേജിൽ എത്തണമെന്നുമായിരുന്നു ഇയാൾ ആംബുലൻസ് ഡ്രൈവറോട് പറഞ്ഞത്. പോകാൻ കഴിയില്ലെന്ന് ഡ്രൈവർ മറുപടി നൽകുകയായിരുന്നു. എന്നാൽ പോകണമെന്ന് ഇയാൾ വാശി പിടിച്ചു. ഇതോടെ അനന്തുവിനെ കേറ്റി ഡ്രൈവർ ആംബുലൻസ് പോലീസ് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു.
അവശ്യ സേവനം ദുരുപയോഗപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിലാണ് അനന്തുവിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
Discussion about this post