ഗുവാഹട്ടി : സംസ്ഥാനത്തെ ശൈശവ വിവാഹങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംസ്ഥാനത്ത് ഇതുവരെ 1,800 ലധികം പേർ അറസ്റ്റിലായെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരക്കാർക്കെതിരെ മുന്നും പിന്നും നോക്കാതെ നടപടിയെടുക്കണമെന്ന് പോലീസിന് നിർദ്ദേശം നൽകിയതായും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ശൈശവ വിവാഹ നിരോധന നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ സംസ്ഥാന വ്യാപകമായി നടപടിയെടുക്കുകയാണ്. 1800 ലധികം പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. സ്ത്രീകൾക്കെതിരെ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശൈശവ വിവാഹം രജിസ്റ്റർ ചെയ്തത് ധുബ്രി ജില്ലയിലും (370) ഏറ്റവും കുറവ് ഹൈലകണ്ടിയിലുമാണ്. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് ഇത് വരെ രജിസ്റ്റർ ചെയ്ത 4,004 കേസുകളുടെ തുടർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ സ്വീകരിക്കും. എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.
14 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നവർക്കെതിരെ പോക്സോ നിയമപ്രകാരവും, 14-18 വയസ് വരെ പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നവർക്കെതിരെ 2006 ലെ ശൈശവ വിവാഹ നിരാധന നിയമപ്രകാരവും കേസ് ചുമത്താനാണ് മന്ത്രിസഭയുടെ തീരുമാനം.
ശൈശവ വിവാഹത്തിനെതിരെ നടത്തുന്ന യുദ്ധം മതേതരമായിരിക്കുമെന്നും ഒരു സമുദായത്തെയും ലക്ഷ്യം വയ്ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം വിവാഹങ്ങൾ നടത്തിക്കൊടുക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും.
സംസ്ഥാനത്തെ ഉയർന്ന മാതൃ-ശിശു മരണത്തിന് കാരണം ശൈശവ ഗർഭധാരണമാണെന്നാണ് കണ്ടെത്തൽ. പ്രായപൂർത്തിയാവാത്ത കുട്ടികളുടെ വിവാഹവും മാതൃത്വവും തടയാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post